കൊച്ചി
ലോങ്ജമ്പിൽ ഇനി എം ശ്രീശങ്കറിനെ ഒരുക്കുക വിദേശപരിശീലകൻ. ജാവ്ലിൻത്രോയിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ്ചോപ്രയ്ക്ക് ലഭിച്ചപോലെ തുടർച്ചയായ വിദേശപരിശീലനമാണ് ലക്ഷ്യമിടുന്നത്. നിലവിലെ പരിശീലകനായ അച്ഛൻ എം മുരളിയുടെ സേവനം അത്ലറ്റിക് ഫെഡറേഷൻ അവസാനിപ്പിച്ച സാഹചര്യത്തിലാണ് പുതിയ പരിശീലകനെ തേടുന്നത്.
മുൻ ലോക ചാമ്പ്യനായ അമേരിക്കൻ ലോങ്ജമ്പ് താരത്തിന്റെ സേവനത്തിനാണ് ശ്രമം. ഒളിമ്പിക്സിലെ മോശം പ്രകടനത്തിനുശേഷം ശ്രീശങ്കർ വിശ്രമത്തിലാണ്. അടുത്തമാസം പരിശീലനം ആരംഭിക്കാനാണ് തീരുമാനം. ടോക്യോ ഒളിമ്പിക്സിൽ 7.69 മീറ്റർ ചാടി 24–-ാംസ്ഥാനമായിരുന്നു. സ്വന്തംപേരിലുള്ള ദേശീയ റെക്കോഡായ 8.26 മീറ്ററിനടുത്തെത്താൻ കഴിയാത്തത് തിരിച്ചടിയായി. മുരളിയെ പരിശീലകസ്ഥാനത്തുനിന്ന് നീക്കാൻ ഇതാണ് ഫെഡറേഷൻ കാരണമായി പറയുന്നത്.
ശാരീരികക്ഷമതയുടെ പോരായ്മ ശ്രീശങ്കറിന്റെ ഒളിമ്പിക്സ് പങ്കാളിത്തം സംശയത്തിലാക്കിയിരുന്നു. ട്രയൽസിൽ മികച്ച പ്രകടനം നടത്താത്തത് വിമർശത്തിനിടയാക്കി. ഒളിമ്പിക്സിൽ എട്ട് മീറ്ററിനടുത്ത ചാട്ടം പ്രതീക്ഷിച്ചെങ്കിലും സാധ്യമായില്ല.
എല്ലാ നിരാശയും മറികടന്ന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീശങ്കർ. പുതിയ സീസണിനുമുമ്പ് പൂർണകായികക്ഷമത കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനൊപ്പം അടുത്തമാസം ബിരുദപഠനത്തിന്റെ അവസാനവർഷ പരീക്ഷയുമുണ്ട്.
ഏഷ്യൻ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയാണ് അടുത്ത സീസണിൽ കാത്തിരിക്കുന്നത്.