അസമിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവയ്പിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധമുയര്ന്നതോടെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്. ഗുവാഹത്തി ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ദരങ് ജില്ലയിലെ ധോൽപുരിലുള്ള 602.40 ഹെക്ടർ സ്ഥലത്തുനിന്ന് എണ്ണൂറോളം കുടുംബത്തെയാണ് ബലമായി കുടിയൊഴിപ്പിച്ചത്.
ഇവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിലാണ് പൊലീസ് വെടിവച്ചത്. മൊയ്നുൽ ഹഖ്, ഷെയ്ഖ് ഫോരിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റു വീണ ഗ്രാമവാസിയെ ചവിട്ടിയ പൊലീസ് സംഘത്തിനൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ബിജയ് ശങ്കർ ബനിയയെ അറസ്റ്റ് ചെയ്തതായി അസം ഡിജിപി ഭാസ്കർ ജ്യോതി മഹന്ത പറഞ്ഞു. സംഭവത്തെ കുറിച്ച് സിഐഡി അന്വേഷിക്കും.
ഒഴിപ്പിക്കൽ നിർത്തില്ലെന്ന് ഹിമന്ത ബിസ്വ സർമ
കുടിയൊഴിപ്പിക്കൽ നിർത്തില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ പറഞ്ഞു. കൈയേറ്റക്കാരെ ഒഴിപ്പിക്കുക എന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ഇത് പൂർത്തിയാക്കുമെന്നും സർമ പ്രതികരിച്ചു.