ന്യൂഡൽഹി
സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്ത 27ലെ ഭാരത് ബന്ദിനു പിന്തുണ നൽകാൻ രാജ്യത്തെ ജനങ്ങളോട് അഞ്ച് ഇടതുപാർടി സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷകപ്രക്ഷോഭം പത്ത് മാസമായി തുടരുകയാണ്. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാകാതെ കടുംപിടിത്തം കാട്ടുന്ന മോദിസർക്കാരിന്റെ നിലപാട് അപലപനീയമാണ്.
മിനിമം താങ്ങുവില ഉറപ്പാക്കണം. ദേശീയ ആസ്തികളുടെ വിൽപ്പനയും തൊഴിൽകോഡുകൾ നടപ്പാക്കുന്നതും നിർത്തിവയ്ക്കണം. ബന്ദ് വിജയിപ്പിക്കാൻ സജീവമായി രംഗത്തിറങ്ങാൻ എല്ലാ ഘടകത്തോടും ജനറൽ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി(സിപിഐ എം), ഡി രാജ(സിപിഐ), ദേബബ്രത ബിശ്വാസ്(ഫോർവേഡ് ബ്ലോക്ക്), മനോജ് ഭട്ടാചാര്യ(ആർഎസ്പി), ദീപാങ്കർ ഭട്ടാചാര്യ(സിപിഐ എംഎൽ–-ലിബറേഷൻ) എന്നിവർ ആഹ്വാനം ചെയ്തു.