ന്യൂഡൽഹി > പിന്നാക്ക വിഭാഗങ്ങളുടെ ജാതി സെൻസസ് ഭരണപരമായി ബുദ്ധിമുട്ടുള്ളതാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്ത് നടത്തിയ ജാതി സെൻസസിലെ വിവരങ്ങളടക്കം കൃത്യമല്ല. 2011 ലെ സാമൂഹ്യ –-സാമ്പത്തിക ജാതി സെൻസസിലും (എസ്ഇസിസി) സാങ്കേതിക പിഴവുകളുള്ളതിനാൽ ഇത് ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കാനാകില്ലെന്നും സാമൂഹ്യ നീതി വകുപ്പ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
2021ലെ സെൻസസിൽ ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് ഉൾപ്പെടുത്തണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയ്ക്കുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞത്.