കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ടി 20 ടൂർണമെന്റിൽ മെലിഞ്ഞ്, താടിയുള്ള വെങ്കിടേഷ് അയ്യർ എന്ന ബാറ്റ്സ്മാനെ മധ്യപ്രദേശിനു വേണ്ടി ഓപ്പണറാക്കാൻ തീരുമാനിച്ച ദിവസം മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും ആഭ്യന്തര ക്രിക്കറ്റിലെ പ്രശസ്ത പരിശീലകനുമായ ചന്ദ്രകാന്ത് പണ്ഡിറ്റ് ഇപ്പോഴും ഓർക്കുന്നുണ്ട്. അതുവരെ, ആറാം നമ്പർ ബാറ്റ്‌സ്മാനായിരുന്നു അയ്യർ, പുതിയ പന്ത് നേരിടാനുള്ള അവസരം ലഭിച്ചപ്പോഴെല്ലാം മടിച്ച താരത്തെ ബോധ്യപ്പെടുത്തിയത് പണ്ഡിറ്റാണ്.
“അവൻ മടിച്ചു, പക്ഷേ അവൻ ബാറ്റ് ചെയ്യുന്ന രീതിയിൽ കളി മാറ്റാൻ കഴിയുന്ന എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി. വെസ്റ്റ് സോൺ മത്സരത്തിൽ ഞാൻ യൂസഫ് പത്താനിലും സമാനമായ ഒരു നീക്കം നടത്തിയിരുന്നു. യൂസഫും ഓപ്പണറായിട്ടില്ല, പക്ഷേ ഞാൻ പ്രേരിപ്പിച്ചു, അദ്ദേഹത്തിന്റെ കഴിവ് വെറുതെ താഴെ നിരയിൽ ബാറ്റ് ചെയ്ത് നഷ്ട്ടപ്പെടാതിരിക്കാൻ,” പണ്ഡിറ്റ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഓപ്പണർ ആയി തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ടീമിൽ നിന്നും പുറത്താക്കില്ല എന്ന് ഉറപ്പ് നൽകിക്കൊണ്ടാണ് പണ്ഡിറ്റ് അയ്യരെ ആശ്വസിപ്പിച്ചത്. “ഞാൻ അയ്യരോട് പറഞ്ഞു, അടുത്ത അഞ്ച് കളികളിലും പൂജ്യം ലഭിച്ചാലും, നീ ഇപ്പോഴത്തെ സ്ഥാനം നിലനിർത്തും.” അതോടെ എല്ലാം മാറി, അയ്യർക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാറ്റിങ് ശൈലിയിൽ ഒരു നിർദേശവും പണ്ഡിറ്റ് നൽകി. അതും അയ്യരുടെ കളി മാറുന്നതിൽ നിർണായകമായി.
“അദ്ദേഹത്തിന് വ്യത്യസ്തമായ ബാറ്റ് വേഗതയുണ്ട്, ശക്തി ഉപയോഗിച്ചാണ് കളിക്കുന്നത്. മുമ്പ്, അവന്റെ ബാറ്റ് തലയ്ക്ക് മുകളിൽ നിന്ന് വളരെ ഉയരത്തിൽ വരുമായിരുന്നു. അത് കാരണം ആഭ്യന്തര ക്രിക്കറ്റിൽ ഒരു പ്രശ്നവും നേരിടുകയില്ലെന്നും എന്നാൽ ഉയർന്ന തലത്തിലേക്ക് പോകുമ്പോൾ അത് പ്രശ്നം സൃഷ്ടിക്കുമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതിനാൽ ഇപ്പോൾ അവന്റെ ബാറ്റ് അരക്കെട്ടിന്റെ ഉയരത്തിൽ നിന്നാണ് വരുന്നത്,” പണ്ഡിറ്റ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മുംബൈ ഇന്ത്യൻസിനെതിരെ അർദ്ധ സെഞ്ചുറി നേടിയതും (30 പന്തിൽ 53) ആർസിബിക്കെതിരെ ആദ്യ മത്സരത്തിൽ പുറത്താകാതെ 41 റൺസ് നേടിയതോടെയുമാണ് ക്രിക്കറ്റ് പ്രേമികളുടെ ഇടയിൽ അയ്യർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഐപിഎല്ലിനു മുൻപ് അയ്യർ ആഭ്യന്തര ക്രിക്കറ്റിൽ തരംഗങ്ങൾ സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, അയ്യർ അഞ്ച് ഇന്നിംഗ്സുകളിൽ നിന്നായി 149.34 സ്ട്രൈക്ക് റേറ്റിൽ 227 റൺസ് നേടിയിരുന്നു. പിന്നീട് 50 ഓവറിന്റെ വിജയ് ഹസാരെ ട്രോഫിയിൽ, പഞ്ചാബിനെതിരെ 146 പന്തിൽ 198 റൺസ് നേടിയും അയ്യർ തന്റെ മികച്ച ഫോം തുടർന്നു.
ആ ഇന്നിംഗ്സ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി, അങ്ങനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ട്രയൽസിനായി മുംബൈയിലേക്ക് വിളി വന്നു. ട്രയൽസിൽ നിന്നും കൊൽക്കത്ത ടീമിൽ എടുത്തു.
അയ്യരുടെ അടുത്ത സുഹൃത്ത്, മുൻ മധ്യപ്രദേശ് ബോളറായ ആനന്ദ് രാജൻ, അയ്യർക്ക് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളിലൊന്ന് എടുക്കേണ്ടിവന്ന സമയത്തെ കുറിച്ച് പറഞ്ഞു. ഒരു പ്രശസ്ത മൾട്ടി-നാഷണൽ കമ്പനി ഹൈദരാബാദിലെ അവരുടെ കമ്പനിയിൽ വലിയ ശമ്പളത്തോടെ ജോലി വാഗ്ദാനം ചെയ്തിരുന്നു. ആ ഒരു ഘട്ടത്തിലേക്ക് കടക്കാൻ താൻ ആയോ എന്ന് ചിന്തിക്കുകയായിരുന്നു അയ്യർ. അപ്പോൾ അദ്ദേഹത്തിന് 25 വയസ്സായിരുന്നു, കൈയിൽ ഒരു എംബിഎ ഫിനാൻസ് ബിരുദവും.
“അടുത്ത ചുവടുവെപ്പിനെക്കുറിച്ച് അദ്ദേഹത്തിന് രണ്ട് മനസായിയുരുന്നു. ക്രിക്കറ്റ് തുടരാനായിരുന്നു താൽപര്യം, തുടർന്ന് കായികരംഗത്ത് തുടരാൻ തീരുമാനിച്ചു, ജോലിക്ക് ഇനിയും സമയമുണ്ടെന്ന് തോന്നി. തന്റെ ചിന്തകൾ അദ്ദേഹത്തിന് വളരെ വ്യക്തമാണ്,ഈ തലമുറയിൽ അപൂർവ്വമായാണ് അത് കാണുക. ശരിയായ തീരുമാനങ്ങൾ എടുക്കാൻ അവന്റെ തലച്ചോറ് അവനെ സഹായിക്കുന്നു. അദ്ദേഹത്തിന് ഒരു പ്ലാൻ ബി ഉണ്ട്, അത് അവന്റെ ജോലിയാണ്, “രാജൻ പറഞ്ഞു.
രണ്ട് പദ്ധതികളും പ്രാവർത്തികമാക്കാൻ അയ്യർ ശ്രമിച്ചിട്ടുണ്ട്. ഒരിക്കൽ, എംബിഎയുടെ സമയത്ത് ഒരു ഇന്റേണൽ പരീക്ഷയുടെ ദിവസം, അദ്ദേഹത്തിന് ഛത്തീസ്ഗഡിനെതിരെ ഒരു പ്രാക്ടീസ് മത്സരമുണ്ടായിരുന്നു. അയ്യർ രണ്ടും ചെയ്യാൻ തീരുമാനിച്ചു. പരീക്ഷ പൂർത്തിയാക്കി നേരെ കളിക്കാൻ പോയി. നിർണായകമായ ഒരു സെഞ്ച്വറി നേടുകയും അതിലൂടെ മധ്യപ്രദേശിന്റെ രഞ്ജി ടീമിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ആ പരീക്ഷയും ജയിച്ചു.
ഐപിഎല്ലിന്റെ ആദ്യ പകുതിയിലെ മത്സരങ്ങളിൽ ബെഞ്ചിലായിരുന്നതിനാൽ അയ്യർ നിരാശയിലായിരുന്നുവെന്ന് പണ്ഡിറ്റ് പറഞ്ഞു. “അവൻ എന്നെ വിളിച്ചു പറഞ്ഞു, പുറത്ത് ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇരുന്നുകൊണ്ട് നിങ്ങൾ പഠിക്കുമെന്ന് ഞാൻ അയ്യരോട് പറഞ്ഞു, അതിനാൽ കാത്തിരിക്കൂ, നിങ്ങളുടെ അവസരത്തിനായി കാത്തിരിക്കൂ,” പണ്ഡിറ്റ് പറഞ്ഞു.
The post IPL 2021: ആറാം നമ്പറിൽ നിന്നും ഓപ്പണറിലേക്ക്; വെങ്കടേഷ് അയ്യരുടെ വളർച്ച appeared first on Indian Express Malayalam.