തിരുവനന്തപുരം > സര്ക്കാരിന്റെ 100 ദിന കര്മ്മ പരിപാടിയുടെ ഭാഗമായി ആയുഷ് വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ 12 പദ്ധതികൾ ശനിയാഴ്ച ഉച്ചയ്ക്ക് 2ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലായി 5.17 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. അതത് ജില്ലകളിലെ മന്ത്രിമാര്, ജനപ്രതിനിധികള് ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുക്കും.
മഗളിര് ജ്യോതി
സ്ത്രീകളിലെ അനീമിയയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും തിരിച്ചറിയാനും അവ ചികിത്സിക്കുന്നതിനും ആയുഷ് വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതിയാണ് മഗളിര് ജ്യോതി. തിരുവനന്തപുരം വള്ളക്കടവ്, കൊല്ലം തേവലക്കര, ആലപ്പുഴ മണ്ണന്ചേരി, ഇടുക്കി പള്ളിവാസല്, പാലക്കാട് മങ്കര, മലപ്പുറം ഏലംകുളം എന്നീ 6 സിദ്ധ ക്ലിനിക്കുകള് വഴിയാണ് പദ്ധതി നടത്തുന്നത്. 36 ലക്ഷം രൂപയുടെ പദ്ധതിയാണിത്.
ഇന്ഫെര്ട്ടിലിറ്റി ക്ലീനിക്
പത്തനതിട്ട സര്ക്കാര് ആയുര്വേദ ഡിസ്പെന്സറിയിലാണ് വന്ധ്യതയ്ക്കുള്ള ആയുര്വേദ ചികിത്സാ പദ്ധതിയായ ഇന്ഫെര്ട്ടിലിറ്റി ക്ലീനിക് ആരംഭിക്കുന്നത്. 8.5 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
6 സ്ഥാപനങ്ങള് കേരള അക്രഡിറ്റേഷന് നേടിയതിന്റെ പ്രഖ്യാപനം
കേരള അക്രഡിറ്റേഷന് സ്റ്റാന്റേര്ഡ് നിലവാരത്തിലേക്ക് ഉയര്ത്തിയ ആയുഷ് മേഖലയിലെ 6 സ്ഥാപനങ്ങളുടെ ഉദ്ഘാടനം. സര്ക്കാര് ഹോമിയോപ്പതി ഡിസ്പെന്സറികളായ കാസര്ഗോഡ് ചിറ്റാരിക്കാല്, കൊല്ലം കല്ലുവാതുക്കല്, തിരുവനന്തപുരം വിളവൂര്ക്കല്, ആയുര്വേദ ഡിസ്പെന്സറികളായ കണ്ണൂര് ചെമ്പിലോട്, വയനാട് മീനങ്ങാടി, കോഴിക്കോട് കുര്യവാട്ടൂര് എന്നിവയാണ് ആദ്യഘട്ട കാഷ് അക്രഡിറ്റേഷന് നേടിയിട്ടുള്ളത്.
ആയുഷ് സേവനങ്ങള് ഇനി ഇ-സഞ്ജീവനി വഴിയും
ഇന്ത്യയില് ആദ്യമായി ഇ സഞ്ജീവനി ടെലി കണ്സള്ട്ടേഷന് പ്ലാറ്റ് ഫോമിലൂടെ ആയുഷ് സേവനങ്ങള് സംസ്ഥാനത്ത് ലഭ്യമാക്കുകയാണ്. കണ്ണൂര്, ആലപ്പുഴ ജില്ലകളിലാണ് ഈ സേവനത്തിനായി കണ്സോളുകള് സജ്ജീകരിച്ചിട്ടുള്ളത്.
പത്തനംതിട്ടയില് ജില്ലാ മെഡിക്കല് സ്റ്റോര് നിര്മ്മാണം
ഹോമിയോ വകുപ്പിന്റെ നേതൃത്വത്തില് 35 ലക്ഷം ചെലവഴിച്ച് പത്തനംതിട്ട ജില്ലാ മെഡിക്കല് സ്റ്റോറിന്റെ നിര്മ്മാണോദ്ഘാടനമാണ് നടക്കുന്നത്.
ഗുണമേന്മയുള്ള ഔഷധ സസ്യ തൈകളുടെ ഉത്പാദനവും വിതരണവും
സ്റ്റേറ്റ് മെഡിസിനല് പ്ലാന്റ് ബോര്ഡിന്റെ ആഭിമുഖ്യത്തില് 9.75 ലക്ഷം വിനിയോഗിച്ച് ഗുണമേന്മയുള്ള ഔഷധ സസ്യങ്ങളുടെ ഉത്പാദനവും വിതരണവും ലക്ഷ്യമിടുന്നു. കാര്ഷിക സര്വകലാശാല, തൃശൂര്, ഔഷധി, തൃശൂര്, ആയുര്വേദ ഗവേഷണ കേന്ദ്രം, പൂജപ്പുര എന്നീ സ്ഥാപനങ്ങള് മുഖേന ഒരു ലക്ഷത്തോളം തൈകള് ഈ സാമ്പത്തിക വര്ഷം കര്ഷകര്ക്കും പൊതുജനങ്ങള്ക്കും നല്കും.
ഔഷധ സസ്യങ്ങള്ക്കായി മൂന്ന് മോഡല് നേഴ്സറികള്
കര്ഷകര്ക്കും പൊതുജനങ്ങള്ക്കും മറ്റ് സന്നദ്ധ സംഘടനകള്ക്കും ഗുണമേയുള്ള ഔഷധ സസ്യങ്ങള് സൗജന്യമായോ/ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കാനാണ് ഈ പദ്ധതി. ഇതുവഴി ഓരോ നേഴ്സറിയില് നിന്നും 3 ലക്ഷം തൈകൾ പ്രതിവര്ഷം നിര്മ്മിക്കാനാകും. കണ്ണൂര് പരിയാരത്തെ ഔഷധി സബ് സെന്റര്, ഇടുക്കി മൂന്നാര് കേരള വന ഗവേഷണ കേന്ദ്രം, കോഴിക്കോട് ഒളവണ്ണ മലബാര് ബോട്ടാണിക്കല് ഗാര്ഡന് എന്നിവയാണ് മൂന്ന് മോഡല് നഴ്സറികളാകുന്നത്.
ഔഷധ സസ്യ പ്രദര്ശനോദ്യാനം
കണ്ണൂര് പരിയാരത്തെ ഔഷധി സബ് സെന്ററില് ഔഷധ സസ്യ പ്രദര്ശ ഉദ്യാനം സ്ഥാപിക്കുന്നു. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി പശ്ചിമഘട്ടത്തിലും കേരളത്തില് പലയിടങ്ങളിലുമായി കാണപ്പെടുന്ന ആയിരത്തിലധികം ഔഷധസസ്യങ്ങളുടെ ഒരു കലവറ ഒരുക്കുക എന്നതാണ് ഔഷധ സസ്യ പ്രദര്ശ ഉദ്യാനം എന്ന പദ്ധതി.
ഔഷധ സസ്യങ്ങള്ക്കായി രണ്ട് വിത്ത് കേന്ദ്രങ്ങള്
സ്റ്റേറ്റ് മെഡിസിനല് പ്ലാന്റ് ബോര്ഡിന്റെ നേതൃത്വത്തില് തൃശൂര് കേരള കാര്ഷിക സര്വകലാശാല ഫോറസ്ട്രി കോളേജ്, തിരുവനന്തപുരം കേരള സര്വകലാശാല ബോട്ടണി വിഭാഗം എന്നീ സര്ക്കാര് സ്ഥാപനങ്ങളില് ഔഷധ സസ്യങ്ങള്ക്കായി വിത്ത് സംഭരണ കേന്ദ്രങ്ങള് ആരംഭിക്കുന്നു.
ആയുര്വേദ ഗവേഷണ കേന്ദ്രത്തിനായി ഔഷധ സസ്യ നഴ്സറി
കണ്ണൂരില് സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുര്വേദ ഗവേഷണ കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്ത് ഔഷധ സസ്യങ്ങള് നടുന്നതിനുള്ള നഴ്സറി സ്ഥാപിക്കുന്നു
ഇന്സ്റ്റിറ്റ്യൂഷണല് ഹെല്ബല് ഗാര്ഡന്
ഔഷധ സസ്യങ്ങളുടെ സുസ്ഥിര ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ഔഷധിയുടെ പരിയാരം ഉപകേന്ദ്രത്തിനോട് അനുബന്ധിച്ചുള്ള സ്ഥലത്ത് വച്ച് പിടിപ്പിക്കുവാന് ലക്ഷ്യമിടുന്നതാണ് ഇന്സ്റ്റിറ്റ്യൂഷണല് ഹെല്ബല് ഗാര്ഡന്.
കരുനാഗപ്പള്ളി ആയുര്വേദ ആശുപത്രിയില് പുതിയ ബ്ലോക്ക്
കൊല്ലം കരുനാഗപ്പള്ളി ആയുര്വേദ ആശുപത്രിയില് 2.12 കോടി ചെലവഴിച്ച് നിര്മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം. നേഴ്സിങ് റൂം, പഞ്ചകര്മ്മ തീയേറ്റര്, എക്സ്റേ റൂം, ലാബും കിടത്തി ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതാണ് പുതിയ കെട്ടിടം.