കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് ആറ് മാസം നീണ്ട യുഡിഎഫ് ഭരണത്തിന് അന്ത്യമായത്. 52 അംഗ നഗരസഭയിൽ 22 വീതം അംഗങ്ങളാണ് യുഡിഎഫിനും എൽഡിഎഫിനും ഉള്ളത്.52 അംഗങ്ങളിൽ 29 പേർ പ്രമേയത്തെ അനുകൂലിച്ചു. ഒരു വോട്ട് അസാധുവായി
ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയിൽ തുടക്കത്തിൽ 21 സീറ്റ് യുഡിഎഫ് 22 സീറ്റ് എൽഡിഎഫ് എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗർ സൗത്തിൽ നിന്ന് കോൺഗ്രസ് വിമതയായി ജയിച്ച ബിൻസി സെബാസ്റ്റ്യൻയുഡിഎഫിനൊപ്പം ചേർന്നതോടെ അംഗബലം 22 ആയി. ഒടുവിൽ ടോസിലെ ഭാഗ്യം തുണക്കുകയും ബിൻസി ചെയർപേഴ്സണാവുകയുമായിരുന്നു.
എട്ട് സീറ്റുള്ള ബിജെപി തങ്ങളുടെ അംഗങ്ങളോട് അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ വിപ്പ് നൽകിയതോടെ തന്നെ യുഡിഎഫ് ഭരണം നിലംപൊത്തുമെന്ന് ഉറപ്പായിരുന്നു. എൽഡിഎഫിൽ സിപിഎം-16, സിപിഐ-2 കേരള കോൺഗ്രസ്-1, സ്കറിയ തോമസ് വിഭാഗം-1, കോൺഗ്രസ് എസ്-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില. ആകെ 22. യുഡിഎഫിൽ കോൺഗ്രസ്-20 ജോസഫ് വിഭാഗം-1, സ്വതന്ത്ര-1 ആകെ 22. ബിജെപി 8.
യുഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോൾ വിട്ടുനിന്നു. യുഡിഎഫ് വിട്ടുനിന്നെങ്കിലും എൽഡിഎഫ് ബിജെപി അംഗങ്ങൾ ഹാജരായതിനാൽ ക്വാറം തികഞ്ഞു. വിട്ടുനിൽക്കാനുള്ള വിപ്പാണ് യുഡിഎഫ് അംഗങ്ങൾക്ക് നൽകിയത്. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ബിജെപിയും വിപ്പ് നൽകി. ഇതോടെ പ്രമേയത്തെ പിന്തുണക്കുന്നവരുടെ എണ്ണം 30 ആയി. എന്നാൽ ഒരു വോട്ട് അസാധുവായി. പേരും ഒപ്പും ഇല്ലാതെ രേഖപ്പെടുത്തിയ വോട്ടാണ് അസാധുവായത്. പ്രമേയം പാസാകുകയും ചെയ്തു. ഇതോടെ ജില്ലയിൽ ഈരാറ്റുപേട്ട നഗരസഭയ്ക്ക് പിന്നാലെ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന രണ്ടാമത്തെ നഗരസഭയായി കോട്ടയം.
അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് ബിജെപി വിട്ടുനിൽക്കുമെന്നാണ് കോൺഗ്രസും യുഡിഎഫും കരുതിയത്. എന്നാൽ അവസാന നിമിഷമാണ് പ്രമേയത്തെ പിന്തുണക്കാനുള്ള നീക്കം ബിജെപിയിൽ നിന്നുണ്ടായത്.
Content Highlights:UDF loses power in Kottayam municipality