അഞ്ചൽ > ഇരുപത്തിനാലു കോടി കിട്ടുമെന്നു വിശ്വസിപ്പിച്ച് കാസർകോട് സ്വദേശിയിൽനിന്ന് 1.24 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ നെല്ലിമൂട് ഫാത്തിമ മൻസിലിൽ ഷീബ (42), നാവായിക്കുളം പുതുശേരിമുക്ക് പുതിയറ അനീഷ് ഭവനിൽ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാസർകോട് മുന്നാട് പറയൻപള്ളം സ്വദേശി ശശിധരനാണ് തട്ടിപ്പിനിരയായത്.
രണ്ടുമാസം മുമ്പാണ് ശശിധരനെ കെണിയിൽപ്പെടുത്തിയത്. 24 കോടി ലഭിക്കുമെന്ന് ഇ–- മെയിൽ വഴി ശശിധരന് അറിയിപ്പുകിട്ടി. ഇതു ലഭിക്കാൻ ഷീബ, അനീഷ് എന്നിവരെ ബന്ധപ്പെടാനും വാട്സാപ് വഴി ബാങ്കിൽ പണം നിക്ഷേപിക്കാനുമായിരുന്നു നിർദേശം. ഇത് അനുസരിച്ച് ഏരൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ ബാങ്കുകൾ വഴി ശശിധരൻ 1.24 കോടിരൂപ നൽകി. എന്നാൽ, ഉദ്യോഗസ്ഥർക്ക് പണം നൽകിയാലേ 24 കോടി കൈമാറാൻ കഴിയൂ എന്ന് അറിയിപ്പുവന്നു.
ഇതിന് 50 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് ശശിധരൻ കാസർകോട് പൊലീസിൽ പരാതി നൽകിയത്. കാസർകോട് ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് കൊല്ലം റൂറൽ പൊലീസ് മേധാവി കെ ബി രവിക്ക് കേസിന്റെ വിവരം കൈമാറി. തുടർന്ന് ഏരൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷീബയും അനീഷും പിടിയിലായത്.