പാരിസ്
ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് മറ്റൊരു നാടകീയ ജയം. അവസാന സ്ഥാനക്കാരായ മെറ്റ്സിനെ അവസാന നിമിഷം വീഴ്-ത്തി 2–1ന്റെ ജയം സ്വന്തമാക്കി. പരിക്കുസമയത്ത് പ്രതിരോധക്കാരൻ അച്റഫ് ഹക്കീമിയാണ് നിർണായക ഗോൾ നേടിയത്. പിഎസ്ജിയുടെ ആദ്യഗോളും ഹക്കീമി നേടി.
തുടർച്ചയായ ഏഴാംജയത്തോടെ 21 പോയിന്റുമായി പിഎസ്ജി ഒന്നാമത് തുടർന്നു.
പരിക്ക് കാരണം ലയണൽ മെസി പിഎസ്ജി നിരയിൽ ഇറങ്ങിയില്ല. നെയ്മറും കിലിയൻ എംബാപ്പെയും ഉൾപ്പെട്ട മുന്നേറ്റത്തിന് മൂർച്ച കണ്ടില്ല. കളി തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഹക്കീമി ഗോളടിച്ചു.
ആദ്യപകുതിക്ക് തൊട്ടുമുമ്പ് സെന്റർ ബൗക്കാക്കർ കൗയാട്ടെ മെറ്റ്സിനെ ഒപ്പമെത്തിച്ചു. ഇതിനിടെ ഡെെലൻ ബ്രോൺ രണ്ടു മഞ്ഞക്കാർഡ് വഴങ്ങി പുറത്തായത് മെറ്റ്സിനെ ബാധിച്ചു. പരിക്കുസമയത്ത് നെയ്മറുടെ പാസിലാണ് ഹക്കീമി വിജയഗോൾ നേടിയത്.