ദുബായ്: പഞ്ചാബ് കിങ്സിനെതിരെ അവിശ്വസനീയ വിജയം നേടിയതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ ചുമത്തി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പിഴ ചുമത്തിയത്.
ഏറ്റവും കുറഞ്ഞ ഓവർ നിരക്കുമായി ബന്ധപ്പെട്ട് സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ ചുമത്തിയെന്നും സീസണിലെ ഇത്തരത്തിലുള്ള ആദ്യ നടപടിയാണെന്നും ഐപിഎൽ സമിതി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്നലെ ദുബായിൽ നടന്ന മത്സരത്തിൽ കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ പഞ്ചാബിനെതിരെ അവിശ്വസനീയമായ രണ്ട് റൺസ് വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്.
പഞ്ചാബിന് അവസാന ഓവറിൽ ജയിക്കാൻ നാല് റൺസ് മാത്രം വേണ്ടിയിരുന്നപ്പോഴാണ് നിക്കോളാസ് പൂരന്റെയും ദീപക് ഹൂഡയുടെയും വിക്കറ്റുകൾ വീഴ്ത്തി തോൽവിയിൽ നിന്നും ത്യാഗി രാജസ്ഥാനെ കരകയറ്റിയത്.
Also read: IPL 2021 PBKS vs RR: അവസാന ഓവറിൽ ത്യാഗിയുടെ മാജിക്; രാജസ്ഥാന് രണ്ട് റൺസ് ജയം
പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ കെ.എൽ.രാഹുലും മായങ്ക് അഗർവാളും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 120 റൺസാണ് കൂട്ടിച്ചേർത്തത്. രാഹുൽ 23 പന്തിൽ 49 റൺസും മായങ്ക് അഗർവാൾ 43 പന്തിൽ 67 റൺസുമാണ് നേടിയത്. എന്നാൽ കാർത്തിക് ത്യാഗിയുടെ അവസാന ഓവറിൽ അതെല്ലാം അപ്രസക്തമാകുകയായിരുന്നു.
The post IPL 2021: അവിശ്വസനീയ ജയത്തിനു പിന്നാലെ സഞ്ജുവിന് 12 ലക്ഷം പിഴ appeared first on Indian Express Malayalam.