ന്യൂഡല്‍ഹി > ക്വാറന്റൈന് വിവാദത്തിനൊടുവില്‍ കോവിഷീല്‍ഡ് വാക്സിനെ അംഗീകരിച്ച് ബ്രിട്ടന്. അംഗീകൃത വാക്സിനുകളുടെ പട്ടികയില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തി. എന്നാല്‍ ക്വാറന്റൈന് ഇല്ലാതെയുള്ള യാത്രയ്ക്ക് അനുമതിയായില്ല. ഇന്ത്യ വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്കുന്ന രീതിയോട് വിയോജിപ്പുണ്ടെന്ന് ബ്രിട്ടന് അറിയിച്ചു.
ഇന്ത്യ നല്കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ സമ്പര്‍ക്കവിലക്ക് പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. യുകെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യുകെ ഹൈകമീഷന് വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേ, ഏതൊക്കെ വാക്സിന് സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന് ഇല്ലാതെ വരാം എന്നത് സംബന്ധിച്ച നിര്‍ദേശം യുകെ പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍നിന്ന് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്ക്കാണെങ്കിലും ക്വാറന്റൈന് നിര്‍ബന്ധമാണെന്നാണ് യുകെ അറിയിച്ചത്. കോവിഷീല്‍ഡിനെ അംഗീകൃത വാക്സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുമില്ല. ഈ നിബന്ധന പുന:പരിശോധിക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ബ്രിട്ടന്റെ നടപടി വിവേചനപരമെന്നും സമാനമായ എതിര്നടപടികളിലേക്ക് നീങ്ങാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നുമാണ് വിദേശ സെക്രട്ടറി ഹര്ഷ്വര്ധന് ഷ്റിങ്ള പ്രതികരിച്ചത്.
ഓക്സ്ഫെഡ് സര്‍വകലാശാലാ വിദഗ്ധ വികസിപ്പിച്ചതാണ് കോവിഷീല്‍ഡ്. ബ്രിട്ടനിലും ഇതേ വാക്സിനാണ് നല്‍കുന്നത്. എന്നിട്ടും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയത് വംശീയ വിവേചനമാണെന്ന വിമര്‍ശം ശക്തമായി ഉയര്‍ന്നിരുന്നു. നടപടി വിവാദമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഭാഗികമായെങ്കിലും ബ്രിട്ടന് നിലപാട് തിരുത്തിയത്.