“ഞാൻ കൂട്ടുകാരെ കബളിപ്പിക്കാൻ ചെയ്തതാണ്. എനിക്കൊരു തെറ്റു പറ്റിപ്പോയി. ഇതിത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല. എല്ലാവരോടും മാപ്പ് ചോദിക്കുന്നു. വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ തെറ്റ് ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടു. കൂട്ടുകാർക്കും മറ്റുള്ളവർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ വേദനയുണ്ട്.” സെയ്തലവി പറഞ്ഞു. റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.
ഓണം ബമ്പർ ലഭിച്ചത് ആർക്കാണെന്നുള്ള അന്വേഷണത്തിനിടെയാണ് സമ്മാനം ലഭിച്ചത് തനിക്കാണെന്ന അവകാശവാദവുമായി പനമരം സ്വദേശി സെയ്തലവി രംഗത്തെത്തിയത്. നാട്ടിലെ സുഹൃത്ത് അഹമ്മദാണ് തനിക്ക് ലോട്ടറിയെടുത്ത് തന്നതെന്ന് സെയ്തലവി പറഞ്ഞു. ഇതോടെ ആശയക്കുഴപ്പമായി. എന്നാൽ ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിൽ നിന്നാണെന്ന് ഏജൻസി ഉറപ്പിച്ചു പറഞ്ഞു. സെയ്തലവിയുടെ വാക്കുകൾ തള്ളി അഹമ്മദും രംഗത്തെത്തിയിരുന്നു.
‘ടിക്കറ്റ് തന്റെ കയ്യിലില്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഫേസ്ബുക്കിൽ നിന്നും ലഭിച്ച ടിക്കറ്റിന്റെ പടമാണ് സെയ്തലവിക്ക് അയച്ചു കൊടുത്തത്. മറ്റൊരാൾക്ക് സെയ്തലവി പണം നൽകാനുണ്ട്. അതുകൊണ്ട് ടിക്കറ്റ് ലഭിച്ചത് തനിക്കാണെന്ന് പറയുമെന്ന് സെയ്തലവി പറഞ്ഞു. ആയിക്കോട്ടേന്ന് താനും പറഞ്ഞു. ഇതാണ് സംഭവിച്ചത്.’ എന്നായിരുന്നു അഹമ്മദ് പറഞ്ഞത്.
അതേസമയം ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് ഓണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിന് കൈമാറിയ ശേഷമാണ് ജയപാലൻ സമ്മാനം ലഭിച്ച വിവരം വെളിപ്പെടുത്തിയത്. ഒമ്പതാം തിയ്യതി അയ്യായിരം രൂപ ജയപാലന് അടിച്ചിരുന്നു. പത്തിന് ടിക്കറ്റ് മാറാൻ പോയപ്പോഴാണ് ഓണം ബമ്പറും മറ്റ് അഞ്ച് ടിക്കറ്റുകളും ജയപാലൻ എടുത്ത്. ഫാൻസി നമ്പറാണെന്ന് തോന്നിയതുകൊണ്ടാണ് സമ്മാനം ലഭിച്ച ടിക്കറ്റ് എടുക്കാൻ കാരണമെന്ന് ജയപാലൻ പറഞ്ഞു.