തിരുവനന്തപുരം
കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാൻ പ്രത്യേക കർമ പദ്ധതി തയ്യാറാക്കിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. 2023 ഓടെ നേട്ടം കൈവരിക്കും. ഇതിനെ നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമാക്കും. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സംബന്ധിച്ച് അവബോധം നൽകും.
ജില്ലാതലങ്ങളിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) കമ്മിറ്റികൾ രൂപീകരിക്കും. സ്കൂൾ വിദ്യാർഥികളിൽ അവബോധം ശക്തിപ്പെടുത്താൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. എഎംആർ നിരീക്ഷണ ശൃംഖല (കാർ–-നെറ്റ്) വിപുലീകരിക്കാനും തീരുമാനിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ തുടങ്ങിയവർ പങ്കെടുത്തു.