കൊച്ചി > കോവിഡ് വാക്സിൻ രണ്ടാംഡോസ് സ്വീകരിക്കുന്നതിന് 84 ദിവസത്തെ ഇടവേള ഇളവുചെയ്ത സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ കേന്ദ്രം ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് പണം നൽകുന്ന ആവശ്യക്കാർക്ക് നാലാഴ്ച കഴിഞ്ഞ് വാക്സിൻ നൽകാൻ കോടതി ഉത്തരവിട്ടത്.
വിദേശത്ത് ജോലിക്കും പഠനത്തിനും പോകുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും കായികതാരങ്ങൾക്കും കേന്ദ്രം ഇളവ് നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിർദേശം. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള തീരുമാനിച്ചതെന്നും കോടതി ഉത്തരവ് ദേശീയ വാക്സിൻനയത്തെ ബാധിക്കുമെന്നും കേന്ദ്രം അപ്പീലിൽ ചൂണ്ടിക്കാട്ടി. ഹർജി പിന്നീട് പരിഗണിക്കും.