കൊച്ചി > വാട്ടർ മെട്രോയ്ക്കുള്ള ബോട്ടുജെട്ടികളുടെ നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തികൾ മൂന്നു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക്. 2021 ഡിസംബർ 31 നകം ആവശ്യമായ ഭൂമി ഏറ്റെടുത്ത് കൈമാറാനാണ് ലക്ഷ്യമിടുന്നത്.
ബോൾഗാട്ടി, കാക്കനാട് ,ഏലൂർ ബോട്ട് ജെട്ടികൾക്കാവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയായി. പതിനൊന്ന് ബോട്ട് ജെട്ടികളുടെ നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഒക്ടോബർ 31 നകം പൂർത്തിയാക്കും. ബാക്കിയുള്ള ഏഴ് എണ്ണത്തിൻ്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക വിജ്ഞാപനം നവംബർ 15 നകം പ്രസിദ്ധീകരിക്കും. ഡിസംബർ 31 നകം മുഴുവൻ ഭൂമിയും ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്നും കലക്ടർ അറിയിച്ചു.
മെട്രോ സർവീസ് കാക്കനാട്ടേക്ക് ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളും വേഗത്തിലാക്കുമെന്നും കളക്ടർ അറിയിച്ചു. ഡിസംബർ 31 നുള്ളിൽ ഭൂമി ഏറ്റെടുത്ത് കൈമാറാണ് ലക്ഷ്യമിടുന്നത്. പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള സർവേ കഴിഞ്ഞു. മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് ആകെ റോഡ് വീതി കൂട്ടുന്നതിനായി സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെ ആറ് ഏക്കർ 40 സെൻ്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്റ്റേഷൻ നിർമ്മാണത്തിനാവശ്യമായ ഭൂമിക്കു പുറമെയാണിത്.
സംയോജിത നഗര പുനരുജ്ജീവന ജലഗതാഗത സംവിധാന പദ്ധതിയും വേഗത്തിലാക്കുമെന്ന് കളക്ടർ അറിയിച്ചു. ഇതിനായി ഇടപ്പള്ളി കനാലിൻ്റ വീതി കൂട്ടുന്നതിനുള്ള പ്രവർത്തികളും പുരോഗമിക്കുകയാണ്. നിലവിലുള്ള തോടിൻ്റെ രണ്ടു ഭാഗത്തും ഓരോ മീറ്റർ അധികം എടുത്താണ് വീതി വർധിപ്പിക്കുന്നത്. ഇതിനായി രണ്ട് കിലോമീറ്ററോളം അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നത് പൂർത്തിയായി. ആകെ പതിനൊന്ന് കിലോമീറ്റർ ഭാഗത്താണ് വീതി കൂട്ടുന്നത്. ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത്, തൃക്കാക്കര , വാഴക്കാല, നടമ എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പ്രധാന വികസന പ്രവർത്തനങ്ങളുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടു നടത്തിയ അവലോകന യോഗത്തിൽ
ഡെപ്യൂട്ടി കലക്ടർ (എൽ എ ) പി ബി സുനിലാൽ, മെട്രോ ഡപ്യൂട്ടി കലക്ടർ ഒ ജെ ബേബി തുടങ്ങിയവരും പങ്കെടുത്തു.