ന്യൂഡൽഹി
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന മോദിസർക്കാർ നയങ്ങൾക്കെതിരായ പോരാട്ടത്തിന്റെകൂടി ഭാഗമാണ് 27ലെ ഭാരത്ബന്ദ്. ആഗസ്തിൽ രാജ്യത്ത് തൊഴിലില്ലായ്മ 8.32 ശതമാനമായി പെരുകിയെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സിഎംഐഇ) വെളിപ്പെടുത്തി.
ആഗസ്തിൽമാത്രം തൊഴില്‍ നഷ്ടമായത് 15 ലക്ഷം പേർക്ക്. ഇതിൽ 13 ലക്ഷം ഗ്രാമീണമേഖലയില്‍. നഗരങ്ങളിലെ തൊഴിലില്ലായ്മ 9.78 ശതമാനവും ഗ്രാമീണ തൊഴിലില്ലായ്മ 7.64 ശതമാനവുമായി. തൊട്ടുമുൻ മാസം ഇവ യഥാക്രമം 8.3, 7.64 ശതമാനം വീതം.ആഗസ്തിൽ 3.6 കോടി ആളുകളാണ് തൊഴിൽ അന്വേഷകരായി ഉണ്ടായിരുന്നത്. ജൂലൈയിൽ ഇത് മൂന്നു കോടി. കാർഷിക, ഗ്രാമീണ മേഖലയിലെ സാമ്പത്തികത്തകർച്ചയും ചെറുകിട സംരംഭമേഖലയിലെ പ്രതിസന്ധിയുമാണ് തൊഴിൽ അന്വേഷകരുടെ എണ്ണം പെരുകാൻ ഇടയാക്കുന്നത്. മോദിസർക്കാരിന്റെ കാർഷിക, സാമ്പത്തിക നയങ്ങളാണ് ഇതിനു കാരണം. ഈ സാഹചര്യത്തിലാണ് കേന്ദ്ര ട്രേഡ് യൂണിയനുകളും കർഷകത്തൊഴിലാളി സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്.