മനാമ > യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് യഎഇ രാജകുമാരി ഷെയ്ഖ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. സ്ത്രീകള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹരല്ലെന്നും അവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നുമുള്ള യോഗിയുടെ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്. സ്ത്രീകള്‍ക്കെതിരെയുള്ള യോഗിയുടെ വാര്‍ത്തയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് രാജകുമാരിയുടെ പ്രതിഷേധം.
ആരാണ് ഇയാള്‍? യോഗി, എങ്ങിനെയാണ് ഇയാള്‍ക്കിത് പറയാന്‍ പറ്റുന്നത്, ആരാണിയാള്‍ക്ക് വോട്ട് ചെയ്തത് എന്നീ ചോദ്യങ്ങളുമായാണ് ഇവരുടെ ട്വിറ്റര്‍ കുറിപ്പ്. നിമിഷ നേരം കൊണ്ട് ട്വീറ്റ് ട്രെന്‍ഡിങ്ങായി. ബുധനാഴ്ച വൈകീട്ടാണ് ഇവര്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ സംസ്കാരത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ യോഗി 2014 ലോ മറ്റോ തന്റെ വെബ്സൈറ്റില്‍ എഴുതിയ ലേഖനമാണിത്. 2017 മുതലാണ് ഇത് ചര്‍ച്ചയാകാന്‍ തുടങ്ങിയത്. കടുത്ത സ്ത്രീ വിരുദ്ധ നിലപാടകളാണ് ഈ ലേഖനം മുഴുവന്‍. ജനനം മുതല്‍ മരണം വരെ സ്ത്രീകള്‍ക്ക് പുരുഷ സംരക്ഷണം ആവശ്യമാണെന്നും അവരുടെ ഊര്‍ജ്ജം/ശക്തി നിയന്ത്രിക്കപ്പെടുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടെന്നൂം യോഗി വാദിക്കുന്നു. നിയന്ത്രിത സ്ത്രീ ശക്തി മാത്രമേ മഹാന്മാരുടെ ജനനവും വളര്‍ത്തലും പ്രോത്സാഹിപ്പിക്കുകയുള്ളൂ. ഫെമിനിസത്തെക്കുറിച്ചുള്ള പാശ്ചാത്യ സങ്കല്‍പ്പം ഇന്ത്യയുടെ സാമൂഹിക ക്രമത്തിന് ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പും യോഗി നല്കുന്നു.
സോഷ്യല്‍ മീഡിയായിലും സാമൂഹ്യ രംഗത്തും നിരന്തരം ഇടപെടുന്ന വ്യക്തിയാണ് ഷാര്‍ജ രാജ കുടുംബാംഗമായ ഹിന്ദ്. യുഎഇലെ സംഘപരിവാര്‍ അനുകൂലികളായ ചില ഇന്ത്യന്‍ പ്രവാസികള്‍ സോഷ്യല്‍ മീഡിയായില്‍ നടത്തിയ അന്യമത വിദ്വേശത്തിനെതിരെയും ബിജെപി എംപി തേജസ്വി സൂര്യയുടെ അറബ് സ്ത്രീകള്‍ക്കെതിരായ ലൈംഗികമായി അധിക്ഷേപത്തിനെതിരെയും കടുത്ത ഭാഷയില്‍ ഇവര്‍ രംഗത്ത് വന്നിരുന്നു. അറിയപ്പെടുന്ന സംഭരകയായ ഇവര്‍ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും കൂടിയാണ്.