കോവളം
പൂവാറിൽ ബൈക്ക് യാത്രികനായ യുവാവിനെ മർദിച്ച എസ്ഐയെ സസ്പെൻഡ് ചെയ്തു. പൂവാർ പൊലീസ് സ്റ്റേഷനിലെ സനലിനെ സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. ഞായറാഴ്ച രാവിലെ പൂവാർ പെട്രോൾ പമ്പിന് സമീപംവച്ചാണ് പൂവാർ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീർ ഖാനാന്(35)മർദനമേറ്റത്. സുധീർ ഭാര്യയെ വീട്ടിലേക്ക് ബസ് കയറ്റി വിട്ടശേഷം പെട്രോൾ പമ്പിന് സമീപം ബൈക്ക് നിർത്തിയപ്പോൾ ഇതുവഴി ജീപ്പിൽ വന്ന പൂവാർ എസ്ഐ സനലും സംഘവും തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. തുടർന്ന് ലൈസൻസും ബൈക്കിന്റെ രേഖകളും എടുക്കാൻ ആവശ്യപ്പെട്ടു. സുധീർ രേഖകൾ എടുക്കാൻ ശ്രമിക്കവെ പൊലീസുകാർ ലാത്തി വച്ച് അകാരണമായി അടിക്കുകയായിരുന്നു.
തുടർന്ന് സുധീറിനോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. സ്റ്റേഷനിൽവച്ച് സുധീറിന്റെ മൊബൈൽ ഫോൺ എസ്ഐ വാങ്ങിവച്ചു. മർദിക്കുകയും ചെയ്തു.രാത്രി ഏഴോടെയാണ് സുധീറിനെ പൊലീസ് വിട്ടയച്ചത്. ബന്ധുകൾ എത്തി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലൈൻറ്റ് അതോറിറ്റി എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകി.