ന്യൂഡൽഹി
വനിതകൾക്ക് നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) വഴി സൈന്യത്തിൽ പ്രവേശനം അനുവദിക്കുന്ന വിജ്ഞാപനം അടുത്തവർഷം മേയില്‍ പുറത്തിറക്കുമെന്ന് പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകള്‍ക്കായി പാഠ്യപദ്ധതിയും പരിശീലനപദ്ധതിയും തയ്യാറാക്കാന്‍ വിദഗ്ധസമിതി രൂപീകരിച്ചു. വിദഗ്ധ പരിശീലനത്തിൽ വീഴ്ച ഉണ്ടായാല്‍ ഭാവിയിൽ സൈന്യത്തിന്റെ പോരാട്ടവീര്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് കണക്കിലെടുത്ത് സ്ത്രീകൾക്കായി കുതിര സവാരി, നീന്തൽ, കായികവിനോദങ്ങൾ തുടങ്ങിയ സജ്ജീകരണം ഒരുക്കണം. പ്രത്യേക താമസസൗകര്യം , പാഠ്യപദ്ധതി, പരിശീലന പദ്ധതി തുടങ്ങിയവ ഏർപ്പാടാക്കാൻ സമയം വേണം. അതിനാല്‍, സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ മേയ് വരെ സാവകാശം വേണമെന്നും പ്രതിരോധമന്ത്രാലയം സത്യവാങ്മൂലത്തില്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞതവണ കേസ് പരിഗണിക്കവെ ഡിഫൻസ് അക്കാദമിവഴി വനിതകളെ സൈന്യത്തില്‍ പ്രവേശിപ്പിക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഇതേത്തുടർന്നാണ് വിശദ സത്യവാങ്മൂലം നല്‍കിയത്.
സ്ത്രീകളെ എൻഡിഎ പരീക്ഷ എഴുതാൻ അനുവദിക്കാത്തത് വിവേചനപരമായ നിലപാടാണെന്ന് ആഗസ്തിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സൈനികവിഭാഗങ്ങളിൽ പുരുഷൻമാർക്ക് തുല്യമായ അവസരങ്ങൾ സ്ത്രീകൾക്കുമുണ്ടെന്നും മറിച്ചുള്ള വീക്ഷണം മനോഭാവത്തിന്റെ പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് പരീക്ഷയ്ക്ക് ഹാജരാകാമെന്നും കോടതി നിർദേശിച്ചു. ഇതേതുടർന്നാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കേന്ദ്ര പ്രതിരോധമന്ത്രാലയവും ചർച്ച നടത്തി സ്ത്രീകൾക്കും പരീക്ഷ എഴുതാമെന്ന നിലപാടിൽ എത്തിയത്. 2022 മേയില്‍ വിജ്ഞാപനം വന്നാൽ സ്ത്രീകൾക്കും പരീക്ഷ എഴുതാമെന്നും അതുവഴി സ്ഥിരംകമീഷൻ ലഭിക്കുമെന്നുമാണ് കേന്ദ്രം ഇപ്പോള്‍ വ്യക്തമാകുന്നത്.
സ്ത്രീകൾക്ക് എൻഡിഎയിൽ പ്രവേശനം നിഷേധിക്കുന്നത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ലിംഗവിവേചനവുമാണെന്നുകാട്ടി അഡ്വ. കുശ് കാൽറയാണ് സുപ്രീംകോടതി യെ സമീപിച്ചത്. മലയാളിയും നേവി റിട്ട.കമാൻഡറുമായ പ്രസന്നയുടെയും സംഘത്തിന്റെയും പോരാട്ടത്തിൽ നാവികസേനയിൽ വനിതകൾക്കു സ്ഥിരം കമീഷൻ നൽകണമെന്ന് 2020 മാർച്ച് 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.