പെഷവാർ
പാകിസ്ഥാനിൽ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ജിർഗയ്ക്കിടെ നടന്ന വെടിവയ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ടു തദ്ദേശ സഭാ അംഗങ്ങളുണ്ട്. തർക്കങ്ങൾ ഒത്തുതീർപ്പാക്കാൻ ഗ്രാമത്തിലെ മുതിർന്ന അംഗങ്ങൾ ചേരുന്ന യോഗമാണ് ജിർഗ. റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്യുന്നതിനിടയിൽ രണ്ടു വിഭാഗം തമ്മിൽ വഴക്കുണ്ടായി.
ഇരുപക്ഷവും പരസ്പരം വെടിയുതിർത്തു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രതികൾ രക്ഷപ്പെട്ടു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും തോക്ക് പിടിച്ചെടുക്കാനും ആവശ്യപ്പെട്ട്, കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. മുമ്പും ജിർഗ യോഗത്തിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.