ന്യൂഡൽഹി
ഇന്ത്യയിൽനിന്ന് രണ്ടു ഡോസ് കോവിഷീൽഡ് സ്വീകരിച്ചവര്ക്കും 10 ദിവസം സമ്പര്ക്കവിലക്ക് നിർബന്ധമാക്കിയത് പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യർഥിച്ചു. ന്യൂയോർക്കിൽ യുഎൻ പൊതുസഭയ്ക്കിടെ പുതിയ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ലിസ് ട്രസുമായി ഇക്കാര്യം സംസാരിച്ചെന്ന് വിദേശ മന്ത്രി എസ് ജയ്ശങ്കർ ട്വീറ്റു ചെയ്തു. എന്നാല്, എന്തെങ്കിലും ഉറപ്പുലഭിച്ചതായി വെളിപ്പെടുത്തിയിട്ടില്ല.
ബ്രിട്ടന്റെ നടപടി വിവേചനപരമെന്നും സമാനമായ എതിർനടപടികളിലേക്ക് നീങ്ങാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും വിദേശ സെക്രട്ടറി ഹർഷ്വർധൻ ഷ്റിങ്ള മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നം പരിഹരിക്കുമെന്നനിലയിൽ ചില ഉറപ്പുലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന് വാക്സിന് എടുത്തവരെ വാക്സിൻ സ്വീകരിച്ചവരായി പരിഗണിക്കില്ലെന്നാണ് ബ്രിട്ടന് നിലപാട്. ഓക്സ്ഫെഡ് സർവകലാശാലാ വിദഗ്ധ വികസിപ്പിച്ചതാണ് കോവിഷീൽഡ്. ബ്രിട്ടനിലും ഇതേ വാക്സിനാണ് നല്കുന്നത്. എന്നിട്ടും യാത്രാനിയന്ത്രണം ഏർപ്പെടുത്തിയത് വംശീയ വിവേചനമാണെന്ന വിമർശം ശക്തമാണ്.