ന്യൂഡൽഹി
രാജ്യത്തെ ഏറ്റവും വലിയ സന്ന്യാസി സമൂഹമായ അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ (എബിഎപി) അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ അസ്വാഭാവിക മരണം വൻവിവാദത്തിൽ. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നരേന്ദ്ര ഗിരിയുടെ ശിഷ്യൻ ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റുചെയ്തു. ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികതയിൽ അഖാഡ അംഗങ്ങൾ സംശയം പ്രകടിപ്പിച്ചു. മരണം ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് സമാജ്വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
അഭിഭാഷകനായ സുനിൽ ചൗധരി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. നരേന്ദ്ര ഗിരിയെ കൊന്നതാണെന്ന് ബിജെപി എംപി പ്രഗ്യ സിങ് താക്കൂർ ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്ന് അവര് യുപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം അത്ര കടുത്ത സമ്മർദം അനുഭവിച്ചിട്ടുണ്ടാകുമെന്നും പ്രയാഗ് രാജ് എംപിയും ബിജെപി നേതാവുമായ റീത്ത ബഹുഗുണ ജോഷി പറഞ്ഞു.
പ്രയാഗ്രാജിൽ മഠത്തിലെ മുറിയിൽ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിലാണ് നരേന്ദ്ര ഗിരി (62)യുടെ മൃതദേഹം കണ്ടെത്തിയത്. ആനന്ദ് ഗിരി അടക്കമുള്ളവരുടെ പേര് പരാമർശിച്ച് എട്ട് പേജ് കുറിപ്പ് കണ്ടെത്തി. ഫണ്ട് ദുരുപയോഗം സംബന്ധിച്ച് ഇരുവരും തമ്മിൽ ഏതാനും മാസംമുമ്പ് പരസ്യമായി ആരോപണപ്രത്യാരോപണമുണ്ടായി.
അയോധ്യ കേന്ദ്രമായ പരിഷത്ത് 14 സന്ന്യാസിവിഭാഗങ്ങളെ ഉൾക്കൊള്ളുന്നതാണ്. വിഎച്ച്പിയുമായി അടുത്തബന്ധം പുലർത്തുന്നുണ്ടെങ്കിലും തമ്മിൽ അഭിപ്രായഭിന്നതയുണ്ട്. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ അഖാഡ പരിഷത്ത് ബുധനാഴ്ച യോഗം ചേരും.