ദുബായ്
രാജസ്ഥാൻ റോയൽസിനെ അർഷ്ദീപ് സിങ് പിടിച്ചുകെട്ടി. മികച്ച സ്കോറിലേക്ക് കുതിച്ച രാജസ്ഥാനെ അഞ്ചു വിക്കറ്റ് നേട്ടത്തോടെ പഞ്ചാബ് കിങ്സ് പേസർ തളച്ചു. ഐപിഎൽ ക്രിക്കറ്റിൽ പഞ്ചാബിനെതിരെ രാജസ്ഥാൻ 186 റൺ വിജയലക്ഷ്യം കുറിച്ചു. തുടക്കം അടിച്ചുതകർത്ത രാജസ്ഥാന് അവസാന ഓവറുകളിൽ പിഴച്ചു. യശ്വസി ജയ്സ്വാളും (36 പന്തിൽ 49) മഹിപാൽ ലോംററുമാണ് (17 പന്തിൽ 43) തിളങ്ങിയത്. ഓപ്പണർ എവിൻ ലൂയിസ് 21 പന്തിൽ 36 റണ്ണടിച്ചു.
ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐദെൻ മാർക്രം, ആദിൽ റഷീദ് എന്നീ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് പഞ്ചാബ് എത്തിയത്. ക്രിസ് ഗെയ്ൽ പുറത്തിരുന്നു. രാജസ്ഥാൻ നിരയിൽ പുതുതായി ഉൾപ്പെട്ട വിദേശതാരങ്ങളായ ലൂയിസും ലിയാം ലിവിങ്സ്റ്റോണും കളിച്ചു. ഓപ്പണർമാരായ ജയ്സ്വാളും ലൂയിസും മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്. ഒന്നാംവിക്കറ്റിൽ 54 റൺ പിറന്നു. അർഷ്ദീപാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
മൂന്നാമനായെത്തിയ രാജസ്ഥാൻ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണ് (5 പന്തിൽ 4) പിടിച്ചുനിൽക്കാനായില്ല. ഇഷാൻ പൊറെലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ രാഹുലിന് പിടിനൽകി സഞ്ജു മടങ്ങി. നന്നായി ബാറ്റ് ചെയ്ത ലിവിങ്സ്റ്റോൺ 17 പന്തിൽ 25 റണ്ണെടുത്തു. പിന്നാലെയെത്തിയ മഹിപാൽ തകർത്തുകളിച്ചു. നാല് സിക്സറും രണ്ട് ബൗണ്ടറിയും ഇരുപത്തൊന്നുകാരൻ പായിച്ചു. ജയ്സ്വാളിനൊത്ത് സ്കോർ അതിവേഗമുയർത്തി മഹിപാൽ. ജയ്സ്വാൾ രണ്ട് സിക്സറും ആറ് ബൗണ്ടറിയും നേടി. ഇരുവരും പുറത്തായതോടെ രാജസ്ഥാൻ വിരണ്ടു. റിയാൻ പരാഗ് (4), രാഹുൽ തെവാട്ടിയ (2), ക്രിസ് മോറിസ് (5) എന്നിവരെല്ലാം വേഗം മടങ്ങി.
നാലോവറിൽ 32 റൺ വഴങ്ങിയാണ് അർഷ്ദീപ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇന്നിങ്സിന്റെ അവസാന പന്തിൽ കാർത്തിക് ത്യാഗിയുടെ കുറ്റി പിഴുതാണ് അഞ്ചാംവിക്കറ്റ് കുറിച്ചത്.