ലവ് ജിഹാദ് കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സർക്കാരാണ്. കാര്യങ്ങൾ വസ്തുതാപരമായി മനസിലാക്കി വേണം പൊതു സമൂഹത്തിൽ അവതരിപ്പിക്കാൻ. നാർക്കോട്ടിക്ക് ജിഹാദ് എന്ന പദം ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ഉന്നത സ്ഥാനത്തിരിക്കുന്നവർക്ക് യോജിച്ചതല്ല ആ പ്രസ്താവന- മുഖ്യമന്ത്രി പറഞ്ഞു.
കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകർക്കാൻ ഏത് കേന്ദ്രത്തിൽ നിന്നു ശ്രമം ഉണ്ടായാലും അതിനെ നാട് ചെറുക്കും. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം പ്രസ്താവനകളെ പിന്താങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയം സാമൂഹ്യ തിന്മയ്ക്ക് മതത്തിന്റെ നിറം നൽകുന്നത് മുളയിലേ നുള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പരിപാടി ഉദ്ഘാടനം ചെയ്യവെ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹംകൊണ്ട് മാത്രമേ വിദ്വേഷം ഇല്ലാതാക്കാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.
ജാതിയേയും മതത്തേയും വിഭജനത്തിനു വേണ്ടി ഉപയോഗിക്കാൻ അനുവദിക്കരുത്. അന്ധകാരത്തെ അന്ധകാരം കൊണ്ട് ഇല്ലാതാക്കാൻ സാധിക്കില്ല. വെളിച്ചത്തിനു മാത്രമേ കഴിയൂ. അത് പൊതു സമൂഹം മനസിൽ ഉറപ്പിക്കണം. ഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുള്ളതാണ് പുരോഗമനപരവും മതനിരപേക്ഷപരമായും ചിന്തിക്കുന്ന തലമുറ. സാമൂഹത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ ഏതെങ്കിലും വിഭാഗത്തിന്റേത് മാത്രമായി ഒതുക്കരുത്. അങ്ങനെ ചെയ്യുന്നത് ആ തിന്മകൾക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ലെന്നും വേർതിരിവ് വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നത് സാമൂഹിക ഐക്യത്തെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. അത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കും. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ ഓർമ്മ പുതുക്കുന്ന ദിനത്തിൽ ജാതിയും മതവും വിഭജനത്തിന്റെ ആയുധമാക്കുന്നവരെ പ്രതിരോധിക്കും എന്ന പ്രതിജ്ഞയാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.