ആലപ്പുഴ> നഗരത്തിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ കണ്ടെത്തിയ അസ്ഥികൂടങ്ങൾ വൈദ്യപഠനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായെന്ന് പൊലീസ്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് മേധാവികൂടി പരിശോധിച്ചശേഷമേ ഇക്കാര്യം പൂർണമായും സ്ഥിരീകരിക്കൂവെന്നും ആലപ്പുഴ സൗത്ത് പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച വിശദമായ പരിശോധനാഫലം ലഭിക്കും.
കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും പട്ടിക പൊലീസ് തയ്യാറാക്കിവരികയാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി നേരത്തെ നഗരത്തിലായിരുന്നു. അസ്ഥികൂടം കണ്ടെത്തിയ കെട്ടിടവും പഴയ മെഡിക്കൽ കോളേജ് ആശുപത്രിയും തമ്മിൽ വലിയ ദൂരമില്ല.
മുമ്പ് മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും ഇവിടെ താമസിച്ചിട്ടുണ്ട്. അവർ വൈദ്യപഠനാവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചതാണിതെന്നാണ് നിഗമനം.