കൊച്ചി: ഇന്ത്യൻക്രിക്കറ്റ് ടീമിന്റെ നായകൻ വിരാട് കോലി ഉപയോഗിച്ച ശേഷം വിറ്റ കാർ കേരളത്തിൽ വിൽപ്പനയ്ക്കായി എത്തിച്ചു. ലംബോർഗിനി കാർ ആണ് വിൽപ്പനയ്ക്കായി കൊച്ചി കുണ്ടന്നൂരിലെ റോയൽ ഡ്രൈവ് ഷോറൂമിൽ എത്തിച്ചിരിക്കുന്നത്. പതിനായിരത്തോളം കിലോമീറ്റർ ഓടിച്ച ശേഷം കോലി വിറ്റ കാർ മറ്റൊരാൾ വാങ്ങുകയും മുംബൈയിൽ അയാളുടെ പക്കൽ നിന്ന് കൊച്ചിയിൽ എത്തിക്കുകയുമായിരുന്നു.
ആറ് മാസം മുൻപ് കൊച്ചിയിൽ എത്തിച്ച കാറിന്റെ വില ഒരു കോടി 35 ലക്ഷം രൂപയാണ്. സെലിബ്രിറ്റികൾ കൂടുതലും ഉപയോഗിക്കുന്ന ലംബോർഗിനിയുടെ കൺവേർട്ടബിൾ മോഡൽ ആണ് വിൽപ്പനയ്ക്ക എത്തിച്ചിരിക്കുന്നത്. കോലി ഉപയോഗിച്ചിരുന്ന കാർ ആയതിനാൽ തന്നെ വാഹനം നേരിൽ കാണാൻ നിരവധി പേരാണ് ഷോറൂമിൽ എത്തുന്നത്.
സെലിബ്രിറ്റികൾ ഉപയോഗിച്ച ശേഷം വിൽപ്പന നടത്തുന്ന കാറുകൾക്ക് കേരളത്തിൽ വലിയ ഡിമാൻഡാണ് ഉള്ളതെന്നും അതുകൊണ്ട് തന്നെ ഈ കാറിന്റെ വില കാരണം വിറ്റ് പോകാത്ത അവസ്ഥയുണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നുമാണ് ഷോറൂം അധികൃതർ പറയുന്നത്.
Content Highlights: Car used by Virat Kohli for sale in Kerala