മാരാരിക്കുളം> സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണംബമ്പർ രണ്ടാംസമ്മാനമായ ഒരുകോടി തൊഴിലാളിക്ക്. ആലപ്പുഴ കറുകയിൽ വാർഡ് മാമ്മൂട് ചിറയിൽ നവാസ് അബ്ദുൽ സലാം (50) ആണ് ഭാഗ്യശാലി. ആര്യാട് ചാരംപറമ്പിൽ ഗോൾഡൻ ഫുഡ്സ് സ്ഥാപനത്തിൽ പൊറോട്ട ഉണ്ടാക്കുന്ന തൊഴിലാളിയാണ്.
നറുക്കെടുപ്പ് ദിവസമായ ഞായറാഴ്ച രാവിലെ കച്ചവടക്കാരനായ സുവർണനിൽനിന്ന് വാങ്ങിയ ടി ഇ 177852 എന്ന ടിക്കറ്റാണ് നവാസ് അബ്ദുൽ സലാമിനെ കോടിപതിയാക്കിയത്. പതിവായി സുവർണനിൽനിന്ന് നവാസ് ടിക്കറ്റ് എടുക്കാറുണ്ട്. കോമളപുരം അമ്മൂസ് ലക്കി സെന്ററിൽനിന്നാണ് വിൽപ്പനക്കാരനായ സുവർണന് ടിക്കറ്റ് നൽകിയത്.
ഏജൻസിയായ വെളിയിൽ എസ് സനീഷ് ആലപ്പുഴ ലോട്ടറി ഓഫീസിൽനിന്നാണ് ടിക്കറ്റുകൾ വാങ്ങിയത്. രണ്ടുവർഷം മുമ്പ് സനീഷിന്റെ അച്ഛൻ പരേതനായ സന്തോഷ് ഏജൻസി നടത്തിയിരുന്നപ്പോൾ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ഇവിടെനിന്ന് വിറ്റ ടിക്കറ്റിനായിരുന്നു.
ഓണം ബമ്പർ രണ്ടാം സമ്മാനം ലഭിച്ച നവാസ് അബ്ദുൽ സലാം ഭാര്യ ചാന്ദിനിയോടും രണ്ടു മക്കളോടുമൊപ്പം വാടകവീട്ടിലാണ് താമസം. സമ്മാനമായി ലഭിക്കുന്ന തുക ഉപയോഗിച്ച് സ്ഥലം വാങ്ങി വീടുവയ്ക്കണമെന്നും നാലുലക്ഷം രൂപയുടെ കടം തീർക്കണമെന്നും നവാസ് അബ്ദുൽ സലാം പറഞ്ഞു.
ഓണം ബംമ്പർ രണ്ടാം സമ്മാനം ആറ് പേർക്കാണ് നൽകുന്നത് അതിലൊന്നാണ് നവാസിന് ലഭിച്ചത്. ഒന്നാം സമ്മാനമായ 12 കോടി മരട് സ്വദേശി പി ആർ ജയപാലനാണ്.