ഇടുക്കി > ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകാൻ അയ്യപ്പൻകോവിലിൽ കയാക്കിങ് ട്രയൽ റൺ നടത്തി. സാഹസിക ടൂറിസം രംഗത്ത് അന്തർദേശീയ ശ്രദ്ധ നേടാൻ കഴിയുന്ന വിനോദമാണിത്. ഒരാൾക്കും രണ്ടാൾക്കും കയറി സാഹസികയാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളാണ് ട്രയൽ റണ്ണിൽ ഉപയോഗിച്ചത്.
പരീക്ഷണ അടിസ്ഥാനത്തിൽ നടത്തിയ ട്രയൽ റൺ വിജയിച്ചതോടെ ഉടനടി പദ്ധതി നടപ്പാക്കാൻ സാധിക്കും. ജില്ലാ ഭരണം, പഞ്ചായത്ത്, ഡിടിപിസി എന്നിവരുടെ സഹകരണത്തോടെയാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. കയാക്കിങ്ങിനോടൊപ്പം അമ്നിറ്റി സെന്ററും അനുബന്ധ സൗകര്യങ്ങളും അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കും. ഒരു ദിവസംകൊണ്ട് ഇടുക്കി കാണാൻ എത്തുന്നവർക്ക് ഇടുക്കി അണക്കെട്ട്, അഞ്ചുരുളി, അയ്യപ്പൻകോവിൽ, വാഗമൺ എന്നിവിടങ്ങൾ സന്ദർശിച്ചുമടങ്ങാം.
പെരിയാറിൽ ഈ കായികവിനോദം പ്രാവർത്തികമാക്കുമ്പോൾ ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതുപോലെയുള്ള ചെറിയ ടൂറിസം പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. ഡിഡിസിയോടൊപ്പം അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി നന്ദകുമാർ, ഡിടിപിസി അധികൃതർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.