വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന കെ റെയിൽ പദ്ധതി സംസ്ഥാനത്തെ നെടുകെ കീറി മുറിയ്ക്കുമെന്നാണ് ഉപസമിതിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം. മണിക്കൂറിൽ 200 കിലോമീറ്റര്‍ വേഗതയിലുള്ള റെയിൽ യാത്രയ്ക്ക് ആവശ്യമായ പാത തയ്യാറാക്കുമ്പോള്‍ ചതുപ്പുനിലങ്ങളിൽ പത്ത് മീറ്ററും സാധാരണ നിലത്ത് നാലു മീറ്ററും മണ്ണിട്ട് നികത്തേണ്ടി വരുമെന്നും ഇത് സ്വാഭാവിക ജലമൊഴുക്ക് തടസ്സപ്പെടുത്തുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എം കെ മുനീറാണ് യുഡിഎഫ് നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കെ റെയിൽ പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. 63000 കോടി രൂപ ചെലവു വരുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നതെങ്കിലും പദ്ധതിയ്ക്ക് ഒന്നേകാൽ ലക്ഷം കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് നീതി ആയോഗിൻ്റെ കണക്ക്. ഇതു വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നതാണെന്നും പദ്ധതി ഒരിക്കലും ലാഭത്തിലെത്തില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. കൂടാതെ വൻതുക മുടക്കി നിര്‍മിക്കുന്ന കെ-റെയിൽ പാളങ്ങള്‍ സ്റ്റാൻഡേഡ് ഗേജ് ആയതിനാൽ ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നെത്തുന്ന ട്രെയിനുകള്‍ക്ക് ഈ പാത ഉപയോഗിക്കാനാകില്ലെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Also Read:
റെയിൽവേ പദ്ധതിയ്ക്കായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധങ്ങളും ആരംഭിച്ചിട്ടുണ്ട്. വൻ സാമ്പത്തിക ബാധ്യതയും പാരിസ്ഥിതിക പ്രശ്നങ്ങളും ക്ഷണിച്ചു വരുന്ന പദ്ധതിയ്ക്ക് ബദൽ നിര്‍ദേശങ്ങളും യുഡിഎഫ് ഉപസമിതി നല്‍കുന്നുണ്ട്. നിലവിലുള്ള റെയിൽ പാത മെച്ചപ്പെടുത്തുകയും വിമാനത്താവളങ്ങള്‍ തമ്മിൽ ബന്ധിപ്പിച്ച് ചെറിയ ചെലവിലുള്ള വിമാന സര്‍വീസ് നടത്തുകയുമാണ് കെ റെയിൽ പദ്ധതിയെക്കാള്‍ മികച്ച ആശയമെന്നാണ് യുഡിഎഫ് മുന്നോട്ടു വെക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.
പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം കണ്ടെത്താനായി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഒരു ഓജൻസിയെ നിയോഗിച്ചിരുന്നു. എന്നാൽ റെയിൽവേ പദ്ധതിയ്ക്ക് പാരിസ്ഥിതിക പഠനം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്രീൻ ട്രിബ്യൂണലിനെ അറിയിച്ചത് സംസ്ഥാന സര്‍ക്കാരിന് നേട്ടമായിരുന്നു. എന്നാൽ പദ്ധതിയിൽ പണം മുടക്കാൻ കേന്ദ്രം സന്നദ്ധമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ ഏജൻസികളിൽ നിന്നു കടമെടുക്കുന്ന തുക ഉപയോഗിച്ച് അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Also Read:
അതേസമയം, മേഖലയിലെ വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും പദ്ധതിയ്ക്കെതിരെ മാസങ്ങള്‍ക്കു മുൻപു തന്ന രംഗത്തെത്തിയിരുന്നു. കെ റെയിലിൻ്റെ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും ഉയര്‍ന്ന ടിക്കറ്റ് നിരക്കിൽ ഇത്രയധികം യാത്രക്കാരെ കിട്ടില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. കൂടാതെ കേരളത്തിനു പുറത്തേയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് കെ റെയിൽ സഹായമാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഉപസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് യുഡിഎഫ് കെ റെയിലിനെതിരെ സ്വീകരിക്കുന്ന നിലപാടാണ് ശ്രദ്ധേയം. പദ്ധതിയെ പാടേ എതിര്‍ത്താൽ വികസനവിരോധമാണെന്ന വിമര്‍ശനം ഉയരുമോ എന്ന ആശങ്ക യുഡിഎഫിനുണ്ട്. എന്നാൽ റിപ്പോര്‍ട്ട് അംഗീകരിക്കുന്ന നിലപാടാണ് മുന്നണിയുടേതെങ്കിൽ സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാനാകും തീരുമാനം. വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ വിഷയത്തിൽ നിര്‍ണായക തീരുമാനം കൈക്കൊള്ളും.