തിരുവനന്തപുരം
പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. അതിന് മുൻഗണന നൽകുന്നത് സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഐഎംജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തെരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞ് മത്സരിച്ചു. എന്നാൽ, അധികാരത്തിലേറിക്കഴിഞ്ഞാൽ ചേരികളില്ല, മുന്നിലുള്ളത് ജനങ്ങൾമാത്രമാണ്. പക്ഷപാതിത്വം പാടില്ല. ഉദ്യോഗസ്ഥരുടെ അഭിപ്രായം നല്ലതാണെങ്കിൽ സ്വീകരിക്കണം. കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന്റെ ആശയം മുന്നോട്ടുവച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു.
പല അഭിപ്രായങ്ങൾ വരുമ്പോൾ ഏത് സ്വീകരിക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടായേക്കാം. അതിന് നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കുക പ്രധാനമാണ്. ഇവയുടെ ചട്ടക്കൂടിനുള്ളിൽനിന്നുവേണം മന്ത്രിമാർ പ്രവർത്തിക്കേണ്ടത്. കാലഹരണപ്പെട്ട ചട്ടങ്ങളുണ്ടാകാം. അപ്പോൾ പുതിയവ വേണ്ടിവരും. ഇതിനാവശ്യമായ നടപടി മന്ത്രിമാർ സ്വീകരിക്കണം. മുൻ സർക്കാരിനെപ്പോലെ ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കണം. നൂറുദിന പരിപാടികൾ നല്ലരീതിയിൽ വിജയിപ്പിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.