തിരുവനന്തപുരം
സംസ്ഥാനത്തെ 11 ഐസിഡിഎസ് പ്രോജക്ടിൽ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തിൽ നടപ്പിലാക്കിയ കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനത്തിലെ കരുതൽ പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും.
പുതിയ 17 പ്രോജക്ട് ഉൾപ്പെടെ 28 പ്രോജക്ടിലാണ് പരിപാടി വ്യാപിപ്പിക്കുക. ഗർഭാവസ്ഥയിലായിരിക്കുമ്പോൾമുതൽ കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നതുവരെയുള്ള ആദ്യ 1000 ദിനം അതീവ പ്രാധാന്യമുള്ളതാണ്.
ഈ കാലഘട്ടത്തിൽ കുട്ടിയുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതാണ് പദ്ധതി. ഇതിനായി 2,18,40,000 രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വീണാജോർജ് പറഞ്ഞു. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ബോധവൽക്കരണ ലഘുലേഖ പ്രകാശനം ചെയ്യും.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അടിസ്ഥാനത്തിൽ മൂന്ന് മാസത്തിലൊരിക്കൽ ഗർഭിണികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തും. മെഡിക്കൽ ഓഫീസറുടെ ശുപാർശ പ്രകാരം തെരഞ്ഞെടുക്കുന്ന ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രത്യേക തെറാപ്യുട്ടിക് ഫുഡ് അങ്കണവാടികൾ വഴി വിതരണം ചെയ്യും. പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.