അബുദാബി
കണിശതയുള്ള പന്തുകളുമായി വരുൺ ചക്രവർത്തിയും ആന്ദ്രേ റസെലും നിറഞ്ഞപ്പോൾ ഐപിഎലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ കൊൽക്കത്ത നെെറ്റ് റൈഡേഴ്സ് ഒമ്പത് വിക്കറ്റിന് തകർത്തു. 92 റണ്ണിന് ബാംഗ്ലൂർ പുറത്തായി. വരുണും റസെലും മൂന്നുവീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത പത്തോവർ ബാക്കിനിൽക്കെ ജയം നേടി. ശുഭ്മാൻ ഗിൽ (34 പന്തിൽ 48), അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യർ (27 പന്തിൽ 41*) എന്നിവർ തിളങ്ങി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിരാട് കോഹ്ലിക്കും സംഘത്തിനും കാഴ്ചക്കാരാകാനേ കഴിഞ്ഞുള്ളു. ഓപ്പണർ ദേവ്ദത്ത് പടിക്കലാണ് (20 പന്തിൽ 22) ബാംഗ്ലൂരിന്റെ ടോപ്സ്കോറർ. മലയാളിതാരം സച്ചിൻ ബേബി, കെ എസ് ഭരത്, വാനിന്ദു ഹസരങ്ക എന്നിവരെ ഉൾപ്പെടുത്തിയാണ് അവർ എത്തിയത്. ബാംഗ്ലൂർ കുപ്പായത്തിൽ 200–-ാം മത്സരത്തിനിറങ്ങിയ കോഹ്ലി (5) പ്രസീദ് കൃഷ്ണയ്ക്കുമുന്നിൽ കുരുങ്ങി. ദേവ്ദത്തിനെ ലോക്കി ഫെർഗൂസണും മടക്കി. ആദ്യ ഓവർ എറിയാനെത്തിയ റസെലാണ് ബാംഗ്ലൂരിന്റെ അടിത്തറ തകർത്തത്. ഭരതിനെ (19 പന്തിൽ 16) ആദ്യപന്തിൽ മടക്കിയ വിൻഡീസുകാരൻ നാലാംപന്തിൽ എ ബി ഡി വില്ലിയേഴ്സിന്റെ (0) കുറ്റി പിഴുതു. നേരിട്ട ആദ്യപന്തിൽ വിശ്വസ്തനായ ഡി വില്ലിയേഴ്സ് മടങ്ങിയത് ബാംഗ്ലൂരിന്റെ തകർച്ച ഉറപ്പിച്ചു. വരുണിന്റെ ഊഴമായിരുന്നു അടുത്തത്. ഗ്ലെൻ മാക്സ്വെല്ലിനെയും (17 പന്തിൽ 10) ഹസരങ്കയെയും (0) തൊട്ടടുത്ത പന്തുകളിൽ മടക്കി വലംകെെയൻ സ്പിന്നർ ഹാട്രിക്കിനടുത്തെത്തി. 17 പന്തിൽ 7 റണ്ണെടുത്ത സച്ചിനെയും വരുൺ മടക്കി.