പാരിസ്
പിഎസ്ജി കുപ്പായത്തിൽ ഗോളിനായുള്ള ലയണൽ മെസിയുടെ കാത്തിരിപ്പ് തുടരുന്നു. ഫ്രഞ്ച് ലീഗിൽ -ല്യോണുമായുള്ള കളിക്കിടെ മെസിയെ കോച്ച് മൗറീസിയോ പൊച്ചെട്ടീനോ പിൻവലിക്കുകയും ചെയ്തു. അതൃപ്തിയോടെയായിരുന്നു മെസിയുടെ മടക്കം. 2–1നായിരുന്നു പിഎസ്ജിയുടെ ജയം. പിഎസ്ജിയിൽ മെസിയുടെ മൂന്നാംമത്സരമായിരുന്നു. പിഎസ്ജി തട്ടകത്തിലെ ആദ്യ കളിയും. നെയ്മർ, കിലിയൻ എംബാപ്പെ സഖ്യത്തോടൊപ്പമായിരുന്നു മെസി കളത്തിലെത്തിയത്. ആദ്യപകുതിയിൽ മെസി മികച്ച പ്രകടനം നടത്തി. രണ്ടുതവണ ഷോട്ട് ല്യോൺ ഗോൾ കീപ്പർ ആന്തണി ലോപെസ് തട്ടിയകറ്റി. ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയും ചെയ്തു.
രണ്ടാംപകുതിയുടെ തുടക്കത്തിൽ ലൂകാസ് പക്വേറ്റ ല്യോണിനെ മുന്നിലെത്തിച്ചു. പിന്നാലെ നെയ്മറുടെ പെനൽറ്റിയിൽ പിഎസ്ജി ഒപ്പമെത്തുകയും ചെയ്തു. 76–ാംമിനിറ്റിൽ പൊച്ചെട്ടീനോ മെസിയെ പിൻവലിച്ചു. പകരം അച്റഫ് ഹക്കീമിയെ ഇറക്കി. മെസി അതൃപ്തി മറച്ചുവച്ചില്ല. പരിശീലകന് കെെനൽകാതെ നടന്നുനീങ്ങി.
അവസാന നിമിഷം പകരക്കാരനായെത്തിയ മൗറോ ഇക്കാർഡിയാണ് പിഎസ്ജിയുടെ വിജയഗോൾ നേടിയത്. ലീഗിൽ തുടർച്ചയായ ആറാംജയമാണ് പിഎസ്ജിക്ക്.