ന്യൂഡൽഹി
ജനസംഖ്യ വർധനയില് രാജ്യത്ത വിവിധ മേഖലകളിലെ അസന്തുലിതാവസ്ഥയും ഹിന്ദി ഭാഷയ്ക്ക് നേട്ടമാകുന്നു. 1971ൽ ഹിന്ദി മാതൃഭാഷയായവര് ജനസംഖ്യയുടെ 36.99 ശതമാനമായിരുന്നു. 2011ൽ ഇതു 43.63 ശതമാനമായി. ഉത്തരേന്ത്യയിലെ ജനസംഖ്യ വളർച്ച ദക്ഷിണേന്ത്യയിലേതിനേക്കാള് വളരെ ഉയർന്ന തോതിലായതാണ് മുഖ്യകാരണം. ഹിന്ദി മാതൃഭാഷയായ മേഖലകളില് ദരിദ്ര കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം താരതമ്യേന കൂടുതലാണെന്ന് സെന്റർ ഫോർ പോളിസി റിസർച്ചിലെ മുതിർന്ന ഗവേഷകൻ പാർഥ മുഖോപാധ്യായ ചൂണ്ടിക്കാട്ടി.
ഹിന്ദി സംസാരിക്കുന്നവർ കൂടുതലുള്ള 10 സംസ്ഥാനത്തെ ആകെ ജനസംഖ്യ 1971ൽ രാജ്യത്തെ ജനസംഖ്യയുടെ 41.9 ശതമാനം. 40 വര്ഷം കഴിഞ്ഞപ്പോള് ഇതു 46.5 ശതമാനമായി. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷക്കാരുടെ എണ്ണം വർധിക്കാൻ കുടിയേറ്റവും വഴിവയ്ക്കുന്നു. ബിഹാറിൽനിന്ന് കേരളത്തിൽ കുടിയേറുന്ന കുടുംബത്തിലെ കുട്ടികളുടെ എണ്ണം സാധാരണ കേരളീയ കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കും. അതേസമയം, ഹിന്ദിമേഖലയിൽ 40 ശതമാനം പേരും ഭോജ്പുരി, രാജസ്ഥാനി, മഗധി, ചത്തീസ്ഗഡി തുടങ്ങിയ ഹിന്ദി വകഭേദം മാതൃഭാഷയായവരാണ്. പതിനായിരം പേരെങ്കിലും സംസാരിക്കുന്ന 121 ഭാഷ രാജ്യത്തുണ്ട്. ഇതിൽ താഴെ ആളുകൾ സംസാരിക്കുന്ന ആയിരത്തോളം ഭാഷയുണ്ട്.
നൂറുകണക്കിനു ഭാഷയുള്ള രാജ്യത്ത് ഹിന്ദിക്ക് കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകുന്നത് വിമർശിക്കപ്പെടുന്നു. അധികാരത്തിന്റെ ഭാഷയായി ഹിന്ദി മാറുകയാണെന്ന് ഭാഷാശാസ്ത്ര വിഭാഗം പ്രൊഫസർ അയിഷ കിദ്വായി ചൂണ്ടിക്കാട്ടി.