ടൊറന്റോ
ക്യാനഡയിൽ തിങ്കളാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമെന്ന് സൂചന. പ്രധാനമന്ത്രിപദത്തിൽ മൂന്നാംവട്ടത്തിന് മത്സരിക്കുന്ന ലിബറൽ നേതാവ് ജസ്റ്റിൻ ട്രൂഡോ, കൺസർവേറ്റീവ് എറിൻ ഒ ടൂളിൽനിന്ന് കടുത്ത മത്സരം നേരിടുന്നു. കോവിഡ് സാഹചര്യത്തിൽ നടത്തിയ പ്രവർത്തനം വോട്ടാക്കാൻ തെരഞ്ഞെടുപ്പ് നേരത്തേ നടത്താനുള്ള തീരുമാനം ട്രൂഡോയ്ക്ക് തിരിച്ചടിയായേക്കുമെന്ന് നിരീക്ഷകർ പറയുന്നു.
ജയിച്ചാൽത്തന്നെ ട്രൂഡോയ്ക്ക് നിലവിലുള്ളതിലും വളരെ കുറഞ്ഞ ഭൂരിപക്ഷം മാത്രമേ ഉണ്ടാകൂ എന്നും പ്രവചനമുണ്ട്. സർക്കാരിന് രണ്ടുവർഷം കൂടി കാലാവധിയുള്ളപ്പോൾ പെട്ടെന്ന് കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെയാണ് ജനങ്ങളും എതിർ പാർടികളും ചോദ്യം ചെയ്യുന്നത്. ന്യൂഫൗണ്ട്ലാൻഡ് പ്രവിശ്യയിലാണ് പോളിങ് ആദ്യം തുടങ്ങിയത്. ചൊവ്വാഴ്ച ലക്ഷക്കണക്കിന് സ്പെഷ്യൽ ബാലറ്റുകൾ കൂടി എണ്ണേണ്ടതിനാൽ ഫലം നീളുമെന്നാണ് സൂചന.
2015ലെ ആദ്യ തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രിയും ലിബറൽ നേതാവുമായിരുന്ന അച്ഛൻ പിയറി ട്രൂഡോയുടെ പേരും പ്രശസ്തിയും ട്രൂഡോയ്ക്ക് തുണയായി.