ഐക്യരാഷ്ട്ര കേന്ദ്രം
അമേരിക്ക–- ചൈന ബന്ധം മെച്ചപ്പെടുത്തിയില്ലെങ്കിൽ വീണ്ടുമൊരു ശീതയുദ്ധമുണ്ടായേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. രണ്ടാം ശീതയുദ്ധം ആദ്യത്തേതിനേക്കാൾ അപകടകരമാകും. ലോകത്തെ ഏറ്റവും വലിയ രണ്ട് ശക്തികൾ എന്ന നിലയിൽ അത് ഒഴിവാക്കണമെന്നും ഗുട്ടറസ് അമേരിക്കയോടും ചൈനയോടും ആവശ്യപ്പെട്ടു. തിങ്കളാഴ്ച ആരംഭിച്ച യുഎൻ പൊതുസഭാ സമ്മേളനത്തിന് മുന്നോടിയായി അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കുകയായിരുന്നു ഗുട്ടറസ്.
ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിസംബോധന ചെയ്യുന്നതോടെയാണ് പൊതുസഭാ സമ്മേളനത്തിലെ പൊതുചർച്ച ആരംഭിക്കുക. തിങ്കളാഴ്ച ബൈഡൻ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയ്ക്കുശേഷമുള്ള സെഷനുകളിൽ അദ്ദേഹം വെർച്വലായാകും പങ്കെടുക്കുക. ബുധനാഴ്ച കോവിഡ് 19 വെർച്വൽ ഉച്ചകോടിക്കും ബൈഡൻ ആതിഥേയത്വം വഹിക്കും. ആദ്യമായാണ് ബൈഡൻ രാഷ്ട്രത്തലവൻ എന്നനിലയിൽ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ചൊവ്വാഴ്ച ഓൺലൈനായി പൊതുസഭയെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് സഭയിൽ നേരിട്ട് സംസാരിക്കും. നൂറിൽപ്പരം രാഷ്ട്രത്തലവന്മാരും വിദേശ മന്ത്രിമാരും നയതന്ത്രജ്ഞരും പൊതുചർച്ചയിൽ പങ്കെടുക്കും.