ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പുരുഷ-വനിതാ ടീമുകളുടെ പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ചു. ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന പര്യടനം ഉപേക്ഷിച്ചതായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പത്രക്കുറിപ്പിലൂടെ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ന്യൂസിലാൻഡ് പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ടും പിന്മാറുന്നത്.
“ഈ വർഷം ആദ്യം, ഒക്ടോബറിൽ പാകിസ്ഥാനിൽ രണ്ട് അധിക ടി 20 ലോകകപ്പ് സന്നാഹ മത്സരങ്ങൾ കളിക്കാൻ ഞങ്ങൾ സമ്മതിച്ചിരുന്നു, പുരുഷന്മാരുടെ മത്സരങ്ങൾക്കൊപ്പം ഹ്രസ്വ വനിതാ ടൂർ പര്യടനവും ഉൾപ്പെടുത്തിയിരുന്നു”
“പാക്കിസ്ഥാനിലെ ഈ അധിക ഇംഗ്ലണ്ട് വനിതാ -പുരുഷ മത്സരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ വാരാന്ത്യത്തിൽ ഇസിബി ബോർഡ് യോഗം വിളിച്ചിരുന്നു, അതിൽ ഒക്ടോബർ പര്യടനത്തിൽ നിന്നും ഇരു ടീമുകളെയും പിൻവലിക്കാൻ ബോർഡ് തീരുമാനിച്ചു.” ബോർഡിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
“തങ്ങളുടെ രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരിച്ചുവരവിന് അവസരമുണ്ടാക്കാൻ പ്രയത്നിച്ച പിസിബിയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ നിരാശയുണ്ടാക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. കഴിഞ്ഞ രണ്ട് വേനൽക്കാലത്തും അവർ ഇംഗ്ലീഷ് വെൽഷ് ക്രിക്കറ്റിനെ പിന്തുണച്ചത് വലിയ സൗഹൃദ പ്രകടനമാണ്. ഇത് കാരണം പാക്കിസ്ഥാൻ ക്രിക്കറ്റിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു,” പ്രസ്താവനയിൽ വ്യകത്മാക്കി.
ഇംഗ്ലണ്ട് നിരാശപ്പെടുത്തിയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ പറഞ്ഞു. ഇംഗ്ലണ്ട് അവരുടെ പ്രതിബദ്ധതയിൽ നിന്ന് പിൻവാങ്ങുകയാണെന്നും ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ ക്രിക്കറ്റിലെ അവരുടെ സാഹോദര അംഗത്തെ പരാജയപ്പെടുത്തുകയാണെന്നും ട്വിറ്ററിലൂടെ പറഞ്ഞു.
അടുത്ത മാസം റാവൽപിണ്ടിയിൽ വെച്ചാണ് ഇംഗ്ലണ്ട് പുരുഷ -വനിതാ ടീമുകൾ ട്വന്റി 20 മത്സരങ്ങൾ കളിക്കാൻ നിശ്ചയിച്ചിരുന്നത്.
The post ന്യൂസിലൻഡിന് പിന്നാലെ പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ടും appeared first on Indian Express Malayalam.