തിരുവനന്തപുരം
മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുതന്നെ വിളിക്കുന്നതാണ് അഭികാമ്യം എന്നാണ് കത്തോലിക്കാ സഭയുടെ നിലപാടെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവാ വ്യക്തമാക്കി. മതാധ്യക്ഷന്മാരുടെ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസൗഹാർദം കാത്തുസൂക്ഷിക്കാൻ അടിത്തട്ടിൽ കൂട്ടായ്മ ശക്തിപ്പെടുത്താൻ യോഗത്തിൽ ധാരണയായി. സൗഹാർദത്തിനും സമാധാനത്തിനും എല്ലാവരും ജാഗ്രത കാട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. കലുഷമുണ്ടാക്കാവുന്ന വാക്കും പ്രവൃത്തിയും ഉണ്ടാകാതിരിക്കാൻ ജാഗ്രതയുണ്ടാകണമെന്നും ഇതിനുള്ള ശ്രമങ്ങൾക്ക് തുടക്കമിടാനും ചർച്ച തുടരാനും തീരുമാനിച്ചതായും ക്ലീമിസ് ബാവാ പറഞ്ഞു.
യോഗത്തിൽ എല്ലാ സമുദായ സംഘടനകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാൻ ആയിട്ടില്ല. പാലാ ബിഷപ്പിന്റെ പരാമർശമായിരുന്നില്ല പ്രധാന ചർച്ച. സമാധാന ഭംഗം ഒഴിവാക്കാനുള്ള കൂട്ടായ ശ്രമമാണ് പരിഗണിച്ചത്. യോഗം സംബന്ധിച്ച് സർക്കാരുമായി ആശയവിനിമയം നടത്തിയിരുന്നില്ല. ചങ്ങനാശേരി ആർച്ച് ബിഷപ്പ് യോഗത്തിന് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പങ്കെടുത്തില്ല. മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചാൽ അനുകൂലമായി പ്രതികരിക്കുമെന്നും കർദിനാൾ പറഞ്ഞു.
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ലത്തീൻ കത്തോലിക്കാ ആർച്ച് ബിഷപ് സൂസപാക്യം, മാർത്തോമാ സഭാ ബിഷപ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്ത, ഓർത്തഡോക്സ് സഭാ ബിഷപ് ഗെബ്രിയേൽ മാർ ഗ്രിഗോറിയോസ്, യാക്കോബായ സഭാ ബിഷപ് മാത്യൂസ് മാർ അന്തീമോസ്, പാളയം ഇമാം ഡോ. വി പി ഷുഹൈബ് മൗലവി, കോഴിക്കോട് പാളയം ഇമാം ഡോ. ഹുസൈൻ മടവൂർ, കേരള മുസ്ലിം ജമാ അത്തെ പ്രസിഡന്റ് കരമന ബയാർ, ശിവഗിരി മഠത്തിലെ സ്വാമി സൂക്ഷ്മാനന്ദ, ഏകലവ്യാശ്രമത്തിലെ സ്വാമി അശ്വതി തിരുനാൾ, അൽ അമീൻ ബീമാപള്ളി (കെഎൻഎം), അഷ്റഫ് കടയ്ക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.