തേഞ്ഞിപ്പാലം> കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദ്യാര്ഥി വിരുദ്ധ നിലപാടുകള്ക്കെതിരെ എസ്എഫ്ഐ യുടെ ആഭിമുഖ്യത്തില് രാപ്പകല് സമരം തുടങ്ങി. അവേക്ക് വാഴ്സിറ്റി എന്ന പേരില് നടക്കുന്ന അനിശ്ചിതകാല സമരം എസ്എഫ്ഐ കാലിക്കറ്റ് സര്വ്വകലാശാല സബ്കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. പരീക്ഷ ഭവന് മുമ്പില് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു സമരം ഉദ്ഘാടനം ചെയ്തു.
പരീക്ഷാഭവന്റെ പ്രവര്ത്തനം സുതാര്യമാക്കാന് തയ്യാറാക്കിയ മാസ്റ്റര്പ്ലാന് ഉടന് നടപ്പിലാക്കുക,ടാഗോറിലെയും പരീക്ഷാഭവനുകളിലെയും ഫ്രണ്ട് ഓഫീസുകളുടെ പ്രവര്ത്തനം കാര്യക്ഷമമാക്കുക,കോവിഡ് കാല പരീക്ഷകളിലെ കൂട്ടത്തോല്വിയുമായി ബന്ധപ്പെട്ട പരാതികള് അടിയന്തര പ്രാധാന്യത്തോടെ തീര്പ്പാക്കുക,റിസേര്ച്ച് സെന്ററുകളിലെ ഗവേഷക വിദ്യാര്ഥികള്ക്ക് യൂണിവേഴ്സിറ്റി ഫെലോഷിപ്പ് അനുവദിക്കുക തുടങ്ങിയ മുപ്പത്തിരണ്ടിന ആവശ്യങ്ങള് ഉന്നയിച്ചാണ് സമരം.
വിദ്യാര്ഥികള് നിരന്തരമായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് അധികൃതര് മുഖം തിരിക്കുന്നതിനാലാണ് അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോവാന് എസ്എഫ്ഐ തീരുമാനിച്ചത്. കോഴിക്കോട് ജില്ല സെക്രട്ടറി ടി അതുല് അധ്യക്ഷനായി. കേന്ദ്ര കമ്മറ്റിയംഗകളായ കെ പി ഐശ്വര്യ, ടി പി രഹ്നസബീന, മലപ്പുറം ജില്ല സെക്രട്ടറി കെ എ സക്കീര് എന്നിവര് സംസാരിച്ചു.സെപ്റ്റംബര് 22 ന് യൂണിവേഴ്സിറ്റിക്ക് കീഴിലെ മുഴുവന് കോളേജുകളിലും സമരത്തിനോടുള്ള ഐക്യദാര്ഢ്യ സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് എസ് എഫ് ഐ ഭാരവാഹികള് പറഞ്ഞു.