ചെന്നൈ > പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങൾ നടത്താനോ തന്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തമിഴ്നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ. മാതാപിതാക്കൾക്കും മറ്റ് ഒമ്പത് പേർക്കെതിരെയുമാണ് വിജയ് കോടതിയെ സമീപിച്ചത്.
പിതാവ് എസ് എ ചന്ദ്രശേഖർ, മാതാവ് ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ ‘വിജയ് മക്കൾ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭൻ, സംഘടനയുടെ 8 ഭാരവാഹികൾ എന്നിവർക്കെതിരെയാണ് നടൻ കോടതി നടപടി ആവശ്യപ്പെട്ടത്.
വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർടിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിനെതിരെ വിജയ് രംഗത്തുവന്നിരുന്നു. തനിക്ക് പാർടിയുമായി ബന്ധമില്ലെന്നായിരുന്നു നടന്റെ പ്രതികരണം.