കോഴിക്കോട്
ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്നും അറബി വാക്കുകൾ ചേർത്ത് ഒരു വിഭാഗത്തെ അകറ്റി നിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മതസൗഹാർദത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്ത. നർകോട്ടിക് ജിഹാദ് പരാമർശത്തിൽ സർക്കാർ ഭാഗത്തുനിന്നുണ്ടായ ഇടപെടൽ ഒരു വിഭാഗത്തെ വേദനിപ്പിക്കുന്നതാണ്. പാലാ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സർക്കാരിൽ നിന്നുണ്ടായത്. ഇത് തെറ്റായിപ്പോയി. തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്.
താമരശേരി രൂപത ഇറക്കിയ കൈപ്പുസ്തകത്തിലെ പരാമർശവും തെറ്റാണ്. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതോ ഇതര സമുദായങ്ങളെ വേദനിപ്പിക്കുന്നതോ ആകരുത്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ബിഷപ്പുമാർ ഇത്തരം പരാമർശം നടത്തരുതെന്നും ജിഫ്രി തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.