അബുദാബി
ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ–കൊൽക്കത്ത നെെറ്റ് റൈഡേഴ്സ് പോരാട്ടം. ഏഴ് കളിയിൽ അഞ്ചും ജയിച്ച വിരാട് കോഹ്–ലിയുടെ ബാംഗ്ലൂരിന് പട്ടികയിൽ മുന്നേറുക എന്നതാണ് ലക്ഷ്യം. ഇയോവിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത ഏഴാമതാണ്. രണ്ടുജയം മാത്രമാണവർക്ക്. പ്രമുഖ കളിക്കാർ പിൻമാറിയതാണ് ഇരുടീമുകൾക്കും തലവേദനയാകുന്നത്.
ബാംഗ്ലൂർ നിരയിൽ ഡാനിയേൽ സാംസ്, കെയ്ൻ റിച്ചാർഡ്സൺ, ആദം സാമ്പ, ഫിൻ അലൻ എന്നിവർ പിൻമാറി. വാഷിങ്ടൺ സുന്ദറും പരിക്കുകാരണം കളിക്കില്ല. വാനിന്ദു ഹസരങ്ക, ടിം ഡേവിഡ്, ദുശ്മന്ത ചമീര, ജോർജ് ഗാർടൺ എന്നിവരാണ് ബാംഗ്ലൂർ നിരയിലെ പുതുമുഖങ്ങൾ. എ ബി ഡി വില്ലിയേഴ്സ്, ഗ്ലെൻ മാക്–സ്–വെൽ, കോഹ്–ലി എന്നിവരടങ്ങുന്ന ബാറ്റിങ്നിരയാണ് അവരുടെ കരുത്ത്.
ആദ്യപാദത്തിൽ മികച്ച പ്രകടനം പുറത്തെുടത്ത പാറ്റ് കമ്മിൻസ് പിൻമാറിയതാണ് കൊൽക്കത്തയുടെ നഷ്ടം. ന്യൂസിലൻഡ് പേസർ ടിം സൗത്തിയാണ് പകരക്കാരൻ. കമ്മിൻസിന്റെ സ്ഥാനത്ത് ലോക്കി ഫെർഗൂസൺ ടീമിലിടം നേടും. വെസ്റ്റിൻഡീസ് താരങ്ങളായ ആന്ദ്രേ റസെലിലും സുനിൽ നരേയ്നിലുമാണ് കൊൽക്കത്തയുടെ പ്രതീക്ഷകൾ. കരീബിയൻ പ്രീമിയർ ലീഗിൽ ഇരുവരും മികച്ച പ്രകടനം നടത്തിയിരുന്നു. ഷാക്കിബ് അൽ ഹസനും കൊൽക്കത്ത നിരയിലുണ്ടാകും.