തൃപ്പൂണിത്തുറ
‘കോടിപതി ഇതുവരേക്കും വരലൈ…’ ഓണം ബമ്പറിൽ ഒന്നാംസമ്മാനം നേടിയ ടിക്കറ്റ് വിറ്റ തമിഴ്നാട് സ്വദേശി തിരുമലൈ കുമാർ പറയുന്നു. കോടിപതി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറ ശാഖയിൽനിന്ന് വിറ്റ ടി ഇ 645465 നമ്പർ ടിക്കറ്റിനാണ് 12 കോടി അടിച്ചത്. എട്ടിനാണ് സമ്മാനാർഹമായ ടിക്കറ്റ് വിൽപ്പനയ്ക്കെത്തിയത്. തമിഴ്നാട് തെങ്കാശി സ്വദേശി മുരുകേഷ് തേവറുടെ പേരിലാണ് തൃപ്പൂണിത്തുറയിലെ സബ് ഏജൻസി. നാലുവർഷംമുമ്പാണ് ശാഖ തുടങ്ങിയത്.
ബമ്പറടിച്ചു; പിന്നാലെ സമാശ്വാസവും
ഓണം ബമ്പറടിച്ചതിന് പിന്നാലെ പ്രോത്സാഹന സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചതും ഇതേ ശാഖയിൽ നിന്നെടുത്ത ടിക്കറ്റിന്. കരുനാഗപ്പള്ളി സ്വദേശിക്കാണ് സമ്മാനം. കഴിഞ്ഞ ഓണം ബമ്പറിന്റെ രണ്ടാംസമ്മാനമായ ഒരുകോടി രൂപ ലഭിച്ചതും ഇവിടെനിന്ന് വിറ്റ ടിക്കറ്റിനായിരുന്നു. തമിഴ്നാട് സ്വദേശികളായ തിരുമലൈ കുമാർ, ബാലസുബ്രഹ്മണ്യൻ, അജിത്കുമാർ എന്നിവരാണ് ടിക്കറ്റ് വിൽപ്പന നടത്തുന്നത്. ബമ്പറടിച്ചതോടെ മാധ്യമപ്രവർത്തകരും നാട്ടുകാരും ഞായർ ഉച്ചകഴിഞ്ഞ് കടയ്ക്കുമുന്നിൽ തടിച്ചുകൂടി. വൈകിട്ടുവരെ കാത്തിരുന്നിട്ടും ഭാഗ്യശാലി മാത്രം എത്തിയില്ല.