തിരുവനന്തപുരം
അപ്രാപ്യമെന്ന് തോന്നിച്ചവ സാധ്യമാക്കിയ ബദൽ വികസന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ കർമപദ്ധതിയുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ പുതുതലമുറ വെല്ലുവിളികളെ നേരിടാൻ സജ്ജമായി. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള വിഭവം കേരളത്തിലുണ്ട്. കുതിപ്പിലേക്ക് നയിക്കാനുള്ള മനുഷ്യവിഭവ ശേഷിയുമുണ്ട്. പുതുതലമുറയ്ക്ക് ദിശാബോധവും തൊഴിൽ സാഹചര്യവും സൃഷ്ടിച്ച് പ്രാദേശിക സാമ്പത്തികവികസനം സാധ്യമാക്കേണ്ടത് പ്രാദേശിക സർക്കാരുകളുടെയും ചുമതലയാണ്.
ആ ചുമതല ഏറ്റെടുത്ത് നവകേരളം കെട്ടിപ്പടുക്കുന്നതിന് പരിശ്രമിക്കുകയാണ് തദ്ദേശഭരണ സ്ഥാപനങ്ങളെന്നും മന്ത്രി പറഞ്ഞു. തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സംസാരിച്ചു.