തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനും (2,37,96,983), 36.7 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (98,27,104) നൽകിയതായി ആരോഗ്യവകുപ്പ്. 45 വയസിൽ കൂടുതൽ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 55 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ കോവിഡ് വിശകലന റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ 12 മുതൽ 18 വരെ കാലയളവിൽ, ശരാശരി 1,96,657 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ രണ്ട് ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 40,432 കേസുകളുടെ കുറവുണ്ടായി. പുതിയ കേസുകളുടെ വളർച്ചാ നിരക്ക് 23 ശതമാനം കുറഞ്ഞു. ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ യഥാക്രമം 8,6,4,7 ശതമാനം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ കോവിഡ് ബാധിതരായ വ്യക്തികളിൽ ആറ് ശതമാനം പേർ കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകൾ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാൻ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാൽ വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ അനുബന്ധ രോഗങ്ങൾ ഉള്ളവർ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും കോവിഡ് വിശകലന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
content highlights:first dose covid vaccine was given to 89 percent of the population