തിരുനെൽവേലി > തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടന്നത് അഞ്ച് കൊലപാതകങ്ങൾ. അതിൽ രണ്ടെണ്ണം ജാതിവെറിയുടെ പേരിൽ നടന്ന അരുംകൊലകൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പരയ്ക്ക് തുടക്കമാകുന്നത്. എട്ടുവർഷം നീണ്ടുനിന്ന പ്രതികാരത്തിന്റെ തുടർച്ചയായിരുന്നു ശങ്കര സുബ്രഹ്മണ്യന്റെ കൊലപാതകം.
2013 ൽ മന്തിരം എന്ന ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു ശങ്കര ബ്രഹ്മണ്യൻ. ഇതിന്റെ പ്രതികാരമായാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. ദളിത് വിഭാഗത്തിൽപ്പെട്ട ഒരു സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. വെട്ടിമാറ്റിയ ഇയാളുടെ തല മന്തിരത്തിന്റെ കുഴിമാടത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
ഇതിന് പിന്നാലെ ബുധനാഴ്ച രാവിലെ ദളിത് വിഭാഗത്തിൽപ്പെട്ട മാരിയപ്പൻ (35) കൊല്ലപ്പെട്ടു. ശങ്കര ബ്രഹ്മണ്യനെ കൊലപ്പെടുത്തിയതിന്റെ പകവീട്ടലായിരുന്നു ഇത്. മാരിയപ്പന്റെ അറുത്തെടുത്ത തല ശങ്കരയുടെ കുഴിമാടത്തിൽ വെയ്ക്കുകയും ചെയ്തു. മാരിയപ്പനും വർഷങ്ങൾക്ക് മുമ്പ് നടന്ന ജാതിക്കൊലയിൽ പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടു കൊലപാതകങ്ങളിലുമായി ഇതുവരെ 14 പേർ പിടിയിലായതായാണ് വിവരം.
പിന്നീട് കൊല്ലപ്പെട്ടത് ശങ്കര് കോളനി സ്വദേശി എം. അബ്ദുള് ഖാദറാണ് (28). തൂത്തുക്കുടി മാര്ട്ടിന് വധക്കേസിലെ പ്രതിയായ ഇയാളെ ബുധനാഴ്ച രാത്രി പത്തംഗസംഘമാണ് വെട്ടിക്കൊന്നത്. കേസിൽ അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. മാര്ട്ടിന്റെ ബന്ധുക്കളും കൂട്ടാളികളുമാണ് കൊലപതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
ബുധനാഴ്ച രാത്രി തന്നെ കൂട്ടുകാര്ക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തര്ക്കത്തിൽ തിരുനെല്വേലി ബ്രഹ്മദേശം സ്വദേശി തങ്കപാണ്ടി(25)യും കൊലപ്പെട്ടു. ഇതിന് പിന്നാലെ ശരീരാമാസകലം കുത്തേറ്റനിലയിൽ രാമനാഥപുരം സ്വദേശി സുജയ് ഗണേഷി(21)ന്റെ മൃതദേഹം കൂടലൂര് മൊട്ടമലയില് കണ്ടെത്തുകയായിരുന്നു.