കുട്ടികള്‍ക്ക് വൈറസ്ബാധയുണ്ടാകാനുള്ള സാഹചര്യം പരമാവധി കുറയ്ക്കുന്ന തരത്തിലായിരിക്കും പുതിയ ക്രമീകരണങ്ങള്‍. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകള്‍ നടത്തണോ അതോ ഒന്നിടവിട്ട ദിവസങ്ങളിൽ വിവിധ ക്ലാസുകള്‍ക്കു സ്കൂളിലെത്താൻ അവസരമൊരുക്കി തിരക്ക് കുറയ്ക്കണോ എന്നതാണ് പ്രധാന വിഷയം. കൊവിഡ് സാഹചര്യത്തിൽ ക്ലാസിലെ മുഴുവൻ കുട്ടികളെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read:
പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുമാണ് നവംബര്‍ ഒന്നിന് സ്കൂളുകളിലെത്തുക. നാൽപതോളം വിദ്യാര്‍ഥികളാണ് ഓരോ ഡിവിഷനിലുമുള്ളത്. ഇവരെ ക്ലാസുകളിൽ സാമൂഹിക അകലം പാലിച്ച് ഇരുത്തുന്നതു മുതൽ സ്കൂളിലേയ്ക്കുള്ള യാത്ര, ക്ലാസ് മുറികള്‍ക്കു പുറത്തു കുട്ടികള്‍ ഇടപഴകുന്ന സാഹചര്യ തുടങ്ങിയ കാര്യങ്ങളിലും വ്യക്തമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ രണ്ട് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സംയുക്ത യോഗത്തിൽ തീരുമാനമാകും.
ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തണോ അതോ ഒന്നിടവിട്ട ദിവസങ്ങളിൽ കുട്ടികളെ സ്കൂളിലെത്തിച്ചാൽ മതിയോ എന്നീ കാര്യങ്ങളിൽ ഇതോടെ വ്യക്തത വരും. ഒരു ക്ലാസ് മുറിയിൽ എത്ര കുട്ടികളെ ഇരുത്താം എന്ന കാര്യത്തിലും തീരുമാനമെടുക്കും. ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്നോടിയായി നിലവിൽ ഒന്നര വര്‍ഷമായി അടഞ്ഞു കിടക്കുന്ന സ്കൂളുകള്‍ വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ കര്‍മ സമിതികളുടെ സഹായവും തേടും.
Also Read:
ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കൊവിഡ് 19 അവലോകന യോഗത്തിലാണ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച നിര്‍ണായക തീരുമാനമെടുത്തത്. ബാറുകളും തീയേറ്ററുകളും തുറന്നു കൊടുക്കാനും ഭക്ഷണശാലകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും ആഴ്ചകള്‍ക്കു മുൻപേ തന്നെ സ്കൂളുകള്‍ തുറന്നിരുന്നു. എന്നാൽ കേരളത്തിലെ കൊവിഡ് 19 കേസുകള്‍ ഉയര്‍ന്നു നിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം നീണ്ടത്. തുടര്‍ന്ന് കുട്ടികളുടെ ശരീരത്തിലെ ആൻ്റിബോഡി സാന്നിധ്യം കണ്ടെത്താനായി സംസ്ഥാനത്ത് സീറോ സര്‍വേ നടത്താൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ പ്ലസ് വൺ പരീക്ഷാ തീയതി സംബന്ധിച്ചും തീരുമാനമായിട്ടുണ്ട്. സെപ്റ്റംബര്‍ 24 മുതൽ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗത്തിൽ തീരുമാനിച്ചത്. ഒക്ടോബര്‍ 18 വരെയായിരിക്കും പരീക്ഷ. ഈ മാസം 24നു തുടങ്ങുന്ന വിഎച്ച്എസ്‍ഇ പരീക്ഷ ഒക്ടോബര്‍ 13നും തീരും. കൊവിഡ്19 പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷകള്‍ നടത്തുന്നതിനാൽ ഓരോ പരീക്ഷകള്‍ക്കിടയിലും ഒന്നു മുതൽ അഞ്ച് ദിവസം വരെ ഇടവേളയുണ്ട്. രാവിലെയായിരിക്കും പരീക്ഷ നടത്തുന്നത്.