തിരുവനന്തപുരം > ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗാവസ്ഥകളിൽനിന്ന് കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്ന ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ (പിസിവി) ഒക്ടോബർമുതൽ സംസ്ഥാനത്ത് വിതരണം ചെയ്യും. സാർവത്രിക പ്രതിരോധ കുത്തിവയ്പ് പരിപാടിയിൽ പുതുതായി ഉൾപ്പെടുത്തിയതാണ് പിസിവി. ന്യുമോകോക്കസ് ബാക്ടീരിയമൂലമുണ്ടാകുന്ന അസുഖങ്ങളിൽനിന്ന് കുഞ്ഞുങ്ങളെ ഈ വാക്സിൻ സംരക്ഷിക്കും.
ഒന്നര, മൂന്നര, ഒമ്പത് മാസങ്ങളിലായി മൂന്ന് ഡോസ് വാക്സിനാണ് നൽകുന്നത്. മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള പരിശീലനം പൂർത്തിയായാലുടൻ സൗജന്യ കുത്തിവയ്പ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
കുഞ്ഞുങ്ങളുടെ മരണം കുറയ്ക്കാം
സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യുമോകോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം അസുഖമാണ് ന്യുമോകോക്കൽ രോഗം. ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ന്യു മോകോക്കൽ ന്യുമോണിയ. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണത്തിന് ഇത് പ്രധാന കാരണമാണ്.
ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാൻ പ്രയാസം, പനി, നെഞ്ചുവേദന എന്നിവയാണ് ലക്ഷണം. കുട്ടികൾക്ക് അസുഖം കൂടുതലാണെങ്കിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണത്തിനോ സാധ്യതയുണ്ട്. എന്നാൽ, പിസിവി സ്വീകരിക്കുന്നതോടെ ഈ സാധ്യത ഇല്ലാതാകും.