തിരുവനന്തപുരം > നഗര പ്രദേശങ്ങളിലെത്തുന്ന തൊഴിലാളികൾക്കും വിദ്യാർഥികൾക്കും താമസത്തിന് അലയേണ്ടിവരില്ല. കുറഞ്ഞ വാടകയ്ക്ക് തല ചായ്ക്കാൻ ഇടം ലഭിക്കും. ചെറിയ വാടകയ്ക്ക് താമസിക്കാൻ സൗകര്യം ഒരുക്കുന്ന അഫോർഡബിൾ റെന്റൽ ഹൗസിങ് കോംപ്ലക്സ് പദ്ധതി (എആർഎച്ച്സി) മന്ത്രി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചു.
പിഎംഎവൈ (നഗരം)യുടെ ഉപ പദ്ധതിയായ എആർഎച്ച്സി കുടുംബശ്രീ മുഖേന കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് നടപ്പാക്കുക. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ സ്പോൺസർമാരെ കണ്ടെത്തണം.
സ്വകാര്യ–- പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വന്തം സ്ഥലത്ത് ഭവനസമുച്ചയം നിർമിക്കാം. സർക്കാരിന്റെയോ നഗരസഭയുടെയോ ഭൂമി പാട്ടത്തിന് നൽകിയും കെട്ടിടം ഒരുക്കാം. ലാഭത്തിന് വരുമാന നികുതി നൽകണ്ട. ജിഎസ്ടിയുമില്ല. പദ്ധതിക്കായി കുറഞ്ഞ നിരക്കിൽ വായ്പയും ലഭിക്കും.
അതിഥിത്തൊഴിലാളികൾ, വിദ്യാർഥികൾ, ദീർഘകാലത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ എന്നിവർക്കായാണ് പദ്ധതി. പട്ടികജാതി–- പട്ടികവർഗ വിഭാഗം, മറ്റ് പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, വനിതകൾ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും.
തൃപ്പൂണിത്തുറ നഗരസഭയിൽ 3008 യൂണിറ്റുള്ള എആർഎച്ച്സി നിർമിക്കാൻ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നടപടി പുരോഗമിക്കുകയാണ്.