ദുബായ് > കാത്തിരിപ്പിന് അവസാനം. പാതിവഴിയിൽ മുടങ്ങിയ ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി–20 ക്രിക്കറ്റ് ഇന്ന് പുനരാരംഭിക്കും. രോഹിത് ശർമയുടെ മുംബെെ ഇന്ത്യൻസും മഹേന്ദ്രസിങ് ധോണിയുടെ ചെന്നെെ സൂപ്പർ കിങ്സും രണ്ടാംപാദത്തിലെ ആദ്യമത്സരത്തിൽ ഏറ്റുമുട്ടും. ദുബായിൽ ഇന്ന് രാത്രി 7.30നാണ് ആവേശപ്പോരാട്ടം. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നടന്ന ടൂർണമെന്റ് നിർത്തിവച്ചിരുന്നു. നാലുമാസത്തെ ഇടവേള കഴിഞ്ഞ് വേദി യുഎഇയിലേക്ക് മാറ്റിയാണ് ഐപിഎൽ വീണ്ടുമെത്തുന്നത്. ഇത്തവണ കാണികൾക്ക് പ്രവേശനമുണ്ട്. ദുബായ്, ഷാർജ, അബുദാബി എന്നീ മൂന്ന് വേദികളിലാണ് കളി. അടുത്തമാസം ട്വന്റി–20 ലോകകപ്പ് നടക്കാനിരിക്കെ താരങ്ങൾക്ക് നിർണായകമാണ് ഈ ടൂർണമെന്റ്.
എട്ടു കളിയിൽ 12 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസാണ് പട്ടികയിൽ മുന്നിൽ. ചെന്നെെയും ബാംഗ്ലൂരും (10) തൊട്ടുപിന്നിലുണ്ട്. ഒന്നാംറൗണ്ടിൽ 27 കളിയാണ് ബാക്കി. ഒക്ടോബർ 15ന് ദുബായിലാണ് ഫെെനൽ.
ഭൂരിഭാഗം കളിക്കാരും കോവിഡ് നിരീക്ഷണം പൂർത്തിയാക്കി പരിശീലനം തുടങ്ങി. ഇംഗ്ലീഷ് താരങ്ങൾമാത്രമാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.
നിലവിലെ ചാമ്പ്യൻമാരായ മുംബെെയും മൂന്നുവട്ടം കിരീടം നേടിയ ചെന്നെെയും ഇത് രണ്ടാംതവണയാണ് ടൂർണമെന്റിൽ മുഖാമുഖം എത്തുന്നത്. ആദ്യപാദത്തിൽ ജയം മുംബെെക്കൊപ്പമായിരുന്നു. ചെന്നെെ ഉയർത്തിയ 219 റൺ വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനിൽക്കെ അവർ മറികടന്നു. 34 പന്തിൽ 87 റണ്ണടിച്ച കീറൺ പൊള്ളാർഡാണ് അവസാനപന്തുവരെ നീണ്ട ആവേശപ്പോരിൽ മുംബെെക്ക് ജയമൊരുക്കിയത്. കഴിഞ്ഞ സീസണിൽ മങ്ങിയ ചെന്നെെ ഇത്തവണ മികച്ച പ്രകടനമാണ് നടത്തിയത്. ബാറ്റിങ്ങും സ്–പിൻ നിരയുമാണ് അവരുടെ കരുത്ത്. എന്നാൽ, ഓപ്പണറായ ഫാഫ് ഡു പ്ലെസിസ് പരിക്ക് കാരണം കളിക്കാത്തത് അവർക്ക് തിരിച്ചടിയാണ്. നിരീക്ഷണത്തിലുള്ള ഓൾറൗണ്ടർ സാം കറനും ഇന്നുണ്ടാകില്ല. മൊയീൻ അലിയാകും ഋതുരാജ് ഗെയ്ക്–വാദിനൊപ്പം ഓപ്പണറായെത്തുക.
മുംബെെ നിരയിൽ പ്രധാന താരങ്ങളെല്ലാം സജ്ജരാണ്. ജസ്–പ്രീത് ബുമ്ര–ട്രെന്റ് ബോൾട്ട് പേസ്– സഖ്യമാണ് രോഹിതിന്റെയും കൂട്ടരുടെയും പ്രധാന ആയുധം. സൂര്യകുമാർ യാദവും ഇഷാൻ കിഷനും ക്വിന്റൺ ഡി കോക്കുമെല്ലാം ഉൾപ്പെട്ട ബാറ്റിങ് നിരയും ലോകോത്തരം.